VS Achuthanandan BP Deepu TNIE
Kerala

"എല്ലാ പെണ്ണുപിടിയന്മാർക്കും ഞാൻ എതിരാണ്"; സ്ത്രീപീഡകർക്കായി കയ്യാമം കാത്തുവച്ച ഒരാൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വി എസ് നടത്തിയ സജീവ ഇടപെടലുകളുടെ തുടക്കം കൂടെയായിരന്നു സൂര്യനെല്ലി കേസ്. ഈ കേസിലെ ഇടപെടലിലൂടെ സ്ത്രീകൾക്കും സ്ത്രീപ്രവർത്തകർക്കും വി എസ് എന്ന വ്യക്തിയിലും നേതാവിലും വിശ്വാസം ജനിച്ചു. അതുകൊണ്ടു തന്നെ ഇത്തരം നിരവധി സംഭവങ്ങൾ വി എസ്സിന് മുന്നിലെത്തി.

സമകാലിക മലയാളം ഡെസ്ക്

കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുകയും സമൂഹത്തെ ഉലയ്ക്കുകയും ചെയ്ത സംഭവമായിരന്നു സൂര്യനെല്ലി പീഡനകേസ്. ഒമ്പതാംക്ലാസുകാരിയായ പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി 40 ദിവസത്തോളം പീഡിപ്പിച്ച സംഭവമാണ് പിന്നീട് സൂര്യനെല്ലി സംഭവം എന്നറിയപ്പെട്ടത്. കേരളം അന്ന് വരെ കേട്ടിട്ടില്ലാത്ത പീഡന- പെൺവാണിഭ സംഭവമായിരുന്നു ഇത്. 40 ദിവസത്തോളം 42 പേരോളം ആണ് കേസിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. 1996 ഫെബ്രുവരി അവസാനത്തോടെ ഈ സംഭവം പുറത്തുവരുമ്പോൾ വി എസ് അച്യുതാനന്ദൻ കേരളത്തിലെ പ്രതിപക്ഷ നേതാവായിരുന്നു.

വി എസ് അച്യുതാനന്ദൻ ഈ വിഷയം ഏറ്റെടുക്കുന്നതോടെയാണ് അന്ന് സൂര്യനെല്ലി കേസിന് കൂടുതൽ ശ്രദ്ധ കിട്ടുന്നത്. അതുവരെ പൊതുവേ പ്രാദേശിക പേജുകളിൽ ഒതുങ്ങിയിരുന്ന വാർത്ത ജനശ്രദ്ധയിലേക്ക് വന്നു. പെൺകുട്ടി തന്നെ, പീഡിപ്പിച്ചവരുടെ കൂട്ടത്തിൽ ഒരു മാസികയിലെ പടം കണ്ട് ആ ആളും ഉണ്ടെന്ന് പറയുന്നു. പി ജെ കുര്യൻ എന്ന കോൺ​ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും എം പിയുമൊക്കെയായ അദ്ദേഹത്തി​ന്റെ പേര് വന്നതോടെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞുമറിഞ്ഞു. അതുവരെയുണ്ടായിരുന്ന അന്വേഷണ വേ​ഗത ഇഴയാൻ തുടങ്ങി. പലരും കുട്ടിയെ പ്രതിസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയത്താണ് വീണ്ടും വി എസ്സി​ന്റെ ഇടപെടൽ ഉണ്ടാകുന്നത്. വി എസ് ഈ വിഷയം ഉയർത്തി മുന്നോട്ട് വന്നു.

സംസ്ഥാന തെരഞ്ഞെെടുപ്പ് അടുത്തുവരുന്ന സമയത്താണ് സംഭവം ഉണ്ടായതെന്നതുകൊണ്ട് തന്നെ ഇതിന് രാഷ്ട്രീയ നിറം വന്നു. ഭരിക്കുന്ന യു ഡി എഫ് സർക്കാരിനെതിരായ ആയുധമാക്കാൻ നുണപ്രചാരണം നടത്തുന്നവെന്ന് വരെ ആദ്യം പെൺകുട്ടിയെ പിന്തുണച്ച് എത്തിയ പല വ്യക്തികളും മാധ്യമങ്ങളും എതിർപക്ഷത്തേക്ക് നീങ്ങി. എന്നാൽ, വി എസ് താനേറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനായി മുന്നിട്ടു നിന്നു. അന്ന് വി എസ്സിനെയും അതിജീവിതയായ പെൺകുട്ടിയെയും ഉൾപ്പെടുത്തി കേരളത്തിലെ മുതിർന്ന ഒരു കാർട്ടൂണിസ്റ്റ് പ്രമുഖ ദിനപത്രത്തിലെ ഒന്നാം പേജിൽ കാർട്ടൂൺ വരച്ചു. സ്റ്റേജിൽ മൈക്കിന് മുന്നിൽ നിൽക്കുന്ന പെൺകുട്ടി പേരുകൾ പറയുന്നു, സ്റ്റേജിന് വശത്ത് നിന്ന് ലിസ്റ്റ് നോക്കി ഓരോ പേരും വിളിച്ചുപറയാൻ ഉപദേശിക്കുന്ന വി എസ്സുമായിരുന്നു ആ കാർട്ടൂണിൽ. അതിജീവിതയായ പെൺകുട്ടിക്കും ആ കുട്ടിയെ പിന്തുണച്ച് എത്തിയ വി എസ്സിനും നേരിടേണ്ടി വന്ന അവഹേളനത്തി​ന്റെ ചെറിയൊരു ഉദാഹരണം മാത്രമായിരുന്നു ഇത്. ഇതിനേക്കാൾ കൂടുതലായിരുന്നു അന്ന് നടന്ന മറ്റ് ക്യാംപെയിനുകളും, അന്വേഷണത്തിലെ ഇടപെടലുകളും. അതവർ പിന്നീടും തുടരുന്നത് പല രീതികളിൽ പുറത്തുവന്നിരുന്നു.

എന്നാൽ, ഇത്തരം കാര്യങ്ങളിലൊന്നും തളരാതെ വി എസ്, പെൺകുട്ടിക്കൊപ്പം നിലയുറപ്പിച്ചു. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന വി എസ്, മാരാരിക്കുളത്തെ സിറ്റിങ് സീറ്റിൽ തോറ്റു. പക്ഷേ, എൽ ഡി എഫ് അധികാരത്തിൽ വന്നു. സൂര്യനെല്ലി കേസ് സംബന്ധിച്ച നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് വി എസ് അച്യുതാനന്ദൻ എൽ ഡി എഫ് കൺവീനർ എന്ന നിലയിൽ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് പിന്നീടുണ്ടായത്.

പീരുമേട് സെഷൻസ് കോടതിയിൽ ആരംഭിച്ച കുറ്റവിചാരണ പിന്നീട് പ്രത്യേക കോടതിയിലേയ്ക്ക് മാറ്റി. പ്രതികളിൽ നാലുപേരൊഴിച്ചുള്ള എല്ലാവരേയും ശിക്ഷിച്ചുകൊണ്ടുള്ള പ്രത്യേക കോടതി വിധി വന്നു. കേരള ഹൈക്കോടതി 2005-ൽ ഇത് റദ്ദാക്കുകയും പ്രധാന പ്രതിയായ ധർമ്മരാജൻ ഒഴികെയുള്ളവരെ വെറുതെ വിടുകയും ചെയ്തു. ഇതിനെതിരെ സർക്കാരും ഇരയായ പെൺകുട്ടിയും സുപ്രീം കോടതിയിൽ അപ്പീലിൽ നൽകുകയും, 2013 ജനുവരിയിൽ, ഈ വിധി സുപ്രീം കോടതി റദ്ദാക്കുകയും കേസ് കേരള ഹൈക്കോടതിയിൽ പുനഃപരിശോധന നടത്തുന്നതിനായി തിരികെ അയയ്ക്കുവാൻ ഉത്തരവിടുകയും ചെയ്തു.തുടർന്ന് ഹൈക്കോടതി നടത്തിയ പുനർവിചാരണയിൽ പഴയ വിധി അസാധുവാക്കുകയും കീഴ്‌ക്കോടതി വിധി ഭേദഗതികളോടെ പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ പോരാട്ടങ്ങളിലെല്ലാം പെൺകുട്ടിക്കും കുടുംബത്തിനുമൊപ്പം വി എസ് നിലകൊണ്ടു. ഈ കാലങ്ങളിൽ പ്രതിപക്ഷ നേതാവ്, എൽ ഡി എഫ് കൺവീനർ, മുഖ്യമന്ത്രി എന്നീ വിവിധ പദവികളിലായിരുന്നു അദ്ദേഹം.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വി എസ് നടത്തിയ സജീവ ഇടപെടലുകളുടെ തുടക്കം കൂടെയായിരന്നു സൂര്യനെല്ലി കേസ്. ഈ കേസിലെ ഇടപെടലിലൂടെ സ്ത്രീകൾക്കും സ്ത്രീപ്രവർത്തകർക്കും വി എസ് എന്ന വ്യക്തിയിലും നേതാവിലും വിശ്വാസം ജനിച്ചു. പെൺകുട്ടികളെ തങ്ങളുടെ കാമതൃഷ്ണയ്ക്കു വിധേയരാക്കിയ ശേഷം കൊലചെയ്തു വലിച്ചെറിയുന്ന നരാധമന്മാരെ കയ്യാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് അദ്ദേഹത്തി​ന്റെ വാക്കുകൾ അതിജീവിതകൾക്ക് ആശ്വാസമേകുന്നതായിരുന്നു, അതുകൊണ്ടു തന്നെ ഇത്തരം നിരവധി സംഭവങ്ങൾ വി എസ്സിന് മുന്നിലെത്തി. വി എസ് ആ സംഭവങ്ങളുടെ ഇരകളെയും അവർക്കൊപ്പം നിൽക്കുന്നവരെയും ശ്രദ്ധയോടെ കേൾക്കുകയും അതേ കുറിച്ച് ത​ന്റേതായ വഴികളിൽ അന്വേഷണം നടത്തുകയും അതിജീവിത‍ർക്ക് നീതി കിട്ടുന്നതിനായി അവർക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. ഇങ്ങനെ ഉള്ള ഇടപെടലുകളിൽ ചില സമയങ്ങളിലെങ്കിലും വി എസ് നടത്തുന്ന പ്രസ്താവനകൾ വിവാദമാകുകയും പാർട്ടിയെയും നേതാക്കളെയും വിഷമ വൃത്തത്തിലാക്കുകയും ചെയ്തിട്ടുണ്ട്. സൂര്യനെല്ലി കേസിന് പിന്നാലെ , കേരളത്തിൽ പുറത്തുവന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഐസ്ക്രീം പെൺവാണിഭ കേസ്. 1996 ൽ എൽ ഡി എഫ് അധികാരമേറ്റെടുത്ത് അധികം വൈകാതെയാണ് ഈ കേസ് പുറത്തുവന്നത്. അന്ന് അതിൽ ആരോപണവിധേയരായ പ്രധാനികളിലൊരാൾ മുസ്ലിം ലീ​ഗ് നേതാവും മുൻമന്ത്രിയും യു ഡി എഫി​ന്റെ നട്ടെല്ലുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു. സ്ത്രീവാദ പ്രവർത്തകയായ കെ അജിതയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളിലൂടെയാണ് ഈ കേസ് പുറത്തുവരുന്നത്. സ്ത്രീ പ്രവർത്തകർ നടത്തിയ പ്രക്ഷോഭങ്ങളോട് ഇടതുപക്ഷ സർക്കാർ അനുകൂല സമപീനം സ്വീകരിച്ചില്ല. വനിതാകമ്മീഷൻ പോലും ഈ വിഷയത്തിൽ നിലപാടെടുക്കാൻ കഴിയാത്ത വിധം സമ്മർദ്ദത്തിലായതായി അന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് വി എസ് ഈ വിഷയം ഏറ്റെടുക്കകയും അതിൽ അദ്ദേഹം നടത്തിയ പ്രധാന പോരാട്ടങ്ങളിലൊന്നായി മാറുകയും ചെയ്തു. പിന്നീട് അത് കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ തോൽവിയിൽ എത്തിയത് ചരിത്രം. പിന്നീട് കൊട്ടിയം, കിളിരൂർ ,കവിയൂർ തുടങ്ങി ഒട്ടേറെ സംഭവങ്ങളിൽ അദ്ദേഹം അതിജീവിതകൾക്കും അവർക്കൊപ്പമുള്ളവ‍ർക്കൊപ്പം നിലയുറപ്പിച്ചു.

The Suryanelli case was also the beginning of VS Achuthanandan's active interventions in violence against women. Through this case, women and women's activists gained trust in VS as a person and leader. Therefore, many such incidents came to the attention of VS.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT