തൊടുപുഴ: കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാമിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം. ജല നിരപ്പ് ഉയർന്നതോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് നൽകുന്ന ആദ്യ ജാഗ്രതാ നിർദ്ദേശം കൂടിയാണ് ഇത്.
ജല നിരപ്പ് 2,390.86 അടിയായി. 2,403 ആണ് ഡാമിന്റെ സംഭരണ പരിധി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നതോടെയാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കലക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം.
ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പ്രളയ സാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാൻ കേന്ദ്ര ജല കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു.
85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്റെ കണക്കു കൂട്ടൽ. അതിനാൽ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates