തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറി എന്നുപറയുന്നത് എന്തോ ഒരുമഹാ അപരാധം എന്ന മട്ടില്‍ ചിലര്‍ ചിത്രീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാറില്‍ കയറ്റിയ സംഭവത്തില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി കാണുന്നില്ല. അതില്‍ എന്താണ് തെറ്റെന്നും ഒരുതരത്തിലും തൊട്ടുകൂടാന്‍ പറ്റാത്ത ഒരാളാണെന്ന് വെള്ളാപ്പള്ളിയെന്ന് പറയാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'പമ്പയില്‍ ഒരുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് പരിപാടിയുള്ള സ്ഥലത്തേക്ക് കുറച്ചധികം പോകാന്‍ ഉണ്ട്. അപ്പോഴാണ് വെള്ളാപ്പള്ളി കാണാന്‍ വരുന്നത്. അവിടെ നിന്ന് ഒരേസമയത്താണ് പരിപാടിക്ക് ഇരുവരും ഇറങ്ങുന്നത്. പരിപാടിക്കൊപ്പം കാറില്‍ പോകുമ്പോള്‍ അദ്ദേഹവും തന്നോടൊപ്പം കാറില്‍ കയറി എന്നതാണ് വസ്തുത. അവിടേക്ക് അദ്ദേഹം നടന്നുപോകുന്നുവെന്ന അവസ്ഥ ഒഴിവാക്കാന്‍ കാറില്‍ കയറട്ടെ എന്ന നിലപാട് ഞാനും സ്വീകരിച്ചു. അതില്‍ എന്താണ് തെറ്റ്?. എന്തോ ഒരു മഹാപരാധം ചെയ്തപോലെയാണ് അവതരിപ്പിക്കുന്നത്. ഒരുതരത്തിലും തൊട്ടുകൂടാന്‍ പറ്റാത്ത ഒരാളാണെന്ന് വെള്ളാപ്പള്ളിയെന്ന് പറയാന്‍ പറ്റുമോ?. അത് എതൊരാളായാലും ചെയ്യുന്ന കാര്യമല്ലേ. ഒരേ പ്രായക്കാരാകുമ്പോള്‍, അല്ലെങ്കില്‍ കൂടുതല്‍ പ്രായമുള്ളയാളുകളാകുമ്പോള്‍ അത്തരം ആളുകളെ ആദരിക്കാന്‍ തയ്യാറാവില്ലേ?. അതില്‍ എന്തെങ്കിലും അപാകതകള്‍ ഉള്ളതായി കാണുന്നില്ല. എന്നാല്‍ അതിനെ വലിയ തോതില്‍ തെറ്റായി അതിനെ ചിത്രീകരിക്കാനുള്ള ശ്രമം നടന്നുവെന്നത് വസ്തുതയാണ്.
ശബരിമല വലിയ തോതില്‍ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നത് വസ്തുതയാണ്. ബിജെപിയും കോണ്‍ഗ്രസും നല്ല തോതില്‍ ഉപയോഗിച്ചു. അതിനെ ഒരു പ്രത്യേക രീതിയില്‍ ഉയര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിന് ഒരാശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എവിടെ തട്ടിപ്പ് നടന്നാലും അവിടെ ശക്തമായ നിലപാട് സ്വീകരിക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ശബരിമലയിലും അതാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ച രിതിയില്‍ ആയില്ല. തിരിച്ചടിക്ക് കാരണം ശബരിമല സ്വര്‍ണക്കൊള്ള ഒരു കാരണമായേക്കാം എന്നാല്‍ പരാജയത്തിന് പല കാരണങ്ങളുണ്ടെന്നും അത് വിശദമായി പരിശോധിക്കുമെന്നും ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിൽ പരസ്പര സഹകരണത്തോടെയാണ് ബിജെപിയും കോൺഗ്രസും തിരുവനന്തപുരത്ത് പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഡിഎഫ് വിജയിച്ചിയിടങ്ങളിൽ ബിജെപിക്കും, ബിജെപി വിജയിച്ചയിടങ്ങളിൽ യുഡിഎഫിനും വൻതോതിൽ വോട്ട് കുറഞ്ഞു. ഇത് സാധാരണനിലയിൽ സംഭവിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവുമധികം വോട്ട് നേടിയത് ഇപ്പോഴും എൽഡിഎഫ് തന്നെയാണ്. 12ഓളം സീറ്റുകളിൽ 60ൽ താഴെ വോട്ടുകൾക്കാണ് എൽഡിഎഫ് പരാജയപ്പെട്ടത്. ബിജെപി ജയിച്ച 26 വാർഡുകളിൽ യുഡിഎഫിന് ആയിരത്തിൽ താഴെ വോട്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. യുഡിഎഫ് ജയിച്ച 11 സീറ്റുകളിൽ ബിജെപിക്കും ആയിരത്തിൽ താഴെയാണ് വോട്ട്. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും പരസ്പര സഹകരണത്തോടെയാണ് മത്സരിച്ചതെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ ഇതിന് പുറമെയുള്ള വിഷയങ്ങളും പരിശോധിക്കപ്പെടും.
പൊതുസമൂഹവും സർക്കാർ നടപടിയെ നല്ലരീതിയിലാണ് വിലയിരുത്തിയത്. ശബരിമല വിഷയം ഏറ്റവുമധികം ബാധിക്കേണ്ടത് പത്തനംതിട്ടയിലായിരുന്നു. എന്നാൽ ബിജെപി ഭരിച്ചിരുന്ന പന്തളം നഗരസഭ അവർക്ക് നഷ്ടമാകുകയും എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭയും ബിജെപി പ്രതീക്ഷിച്ചതുപോലെ കൈപ്പിടിയിൽകിട്ടിയില്ല. അവിടെയും എൽഡിഎഫ് മുന്നേറ്റമാണുണ്ടായത്. അതേസമയം, പ്രധാനപ്രതിപക്ഷമായി കോൺഗ്രസ് നിന്ന പാലക്കാട് നഗരസഭയിൽ ബിജെപി തന്നെ അധികാരത്തിൽ തുടരുകയാണ്. ബിജെപിയെ നേരിടുന്നതിൽ ഫലപ്രദമായി ഇടപെടുന്നത് എൽഡിഎഫ് ആണെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates