പാലക്കാട്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് വിശദീകരണം തേടി. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് വിശദീകരണം തേടിയത്. ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.
ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് വാട്‌സ് ആപ്പില്‍ സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികള്‍ കാറ്റില്‍ പറത്തിയെന്നും മനോജ് കുമാറിന്റെ സ്റ്റാറ്റസില്‍ പറയുന്നു. ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്ന് കോടതിയുടെ ഉത്തരവുണ്ട്.
ആര്‍ക്കും വിഐപി പരിഗണന നല്‍കരുതെന്നും വാഹനത്തില്‍ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോണ്‍ഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കില്‍ എന്താകും പുകില്‍. അപ്പോള്‍ പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ല, രാഷ്ട്രീയമാണെന്നും സ്റ്റാറ്റസില്‍ പറയുന്നു.
സംഭവം വിവാദമായതോടെ, ട്രെയിന്‍ യാത്രക്കിടെ വാട്‌സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്നാണ് ഡിവൈഎസ്പി മനോജ്കുമാറിന്റെ വിശദീകരണം. ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെതിരെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates