ഡോക്ടര്‍ പിവി ശ്രീവത്സന്‍ 
Kerala

'ആകാശം എന്റെ മേല്‍ ഇടിഞ്ഞുവീണതായി തോന്നി'; 48 വര്‍ഷം മുന്‍പ് തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഓര്‍ക്കുമ്പോള്‍...

1978 ഏപ്രില്‍ 20 വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടമെന്ന് ഡോക്ടര്‍ പറയുന്നു

ശ്യാം പി വി

പാലക്കാട്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ വന്‍ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം മാറിയിട്ടില്ല. 48 വര്‍ഷങ്ങള്‍ക്കുമുന്‍പ് തൃശൂര്‍ പൂരത്തിനിടയിലുണ്ടായ മറ്റൊരു വെടിക്കെട്ട് അപകടത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടര്‍ പിവി ശ്രീവത്സന്‍. വെടിക്കെട്ടിന്റെ ഫിനിഷിങ്ങില്‍നിന്ന് ചില ഗുണ്ടുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പതിച്ചതിനുപിന്നാലെയായിരുന്നു സ്‌ഫോടനം. 1978 ഏപ്രില്‍ 20 വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടമെന്ന് ഡോക്ടര്‍ പറയുന്നു.

'പുലര്‍ച്ചെ 3 മണി കഴിഞ്ഞിരുന്നു. സ്വരാജ് ഗ്രൗണ്ടില്‍ ആയിരക്കണക്കിനാളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. അന്ന് സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായ എനിക്ക് 17 മാത്രമാണ് പ്രായം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് പ്രായമായ ഒരാള്‍ പൂരത്തിന്റെ പഴയകാല കഥകള്‍ എന്നോട് വിവരിക്കുന്നുണ്ടായിരുന്നു. വിസിലടികളും ആര്‍പ്പുവിളികളുമായി ഗ്രൗണ്ട് ശബ്ദമുഖരിതം. തേക്കിന്‍കാട് മൈതാനത്തിന് മുന്നിലെ നടപ്പാതയും വിശാലമായ കോണ്‍ക്രീറ്റ് റോഡും ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരുന്നു. പെട്ടെന്ന് ജനക്കൂട്ടത്തിനിടയില്‍ ഒരു നിശബ്ദത പടര്‍ന്നു. പിന്നാലെ ഒരു ആവേശാരവം. വെടിക്കെട്ടിന് തിരി കൊളുത്താനായി പ്രധാനി മുന്നോട്ട് വന്നതിന്റെ അടയാളമായിരുന്നു അത്. നിമിഷങ്ങള്‍ക്കുള്ളില്‍ നിശബ്ദതയെ ഭേദിച്ച് അത് കാതടപ്പിക്കുന്ന ശബ്ദമായിമാറി, ഓരോന്നും മുമ്പ് കേട്ടിട്ടുള്ളതിനേക്കാള്‍ തീവ്രം. ഭൂമി കുലുങ്ങുന്നതായി തോന്നി'

' വെടിക്കെട്ടിനിടെ ഒരു നിമിഷം കൊണ്ട് ഗുണ്ടുകള്‍ ആള്‍ക്കൂട്ടത്തിലേക്ക് പതിച്ചു. പിന്നാലെ ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനമായിരുന്നു. പരിഭ്രാന്തരായി ആള്‍ക്കൂട്ടം ചിതറിയോടാന്‍ തുടങ്ങി. ഞാന്‍ ആള്‍ക്കൂട്ടത്തിനുള്ളില്‍ കുടുങ്ങി താഴെ വീണു. എനിക്ക് മേലായി ഒരോരുത്തരായി വന്ന് വീണുകൊണ്ടേയിരുന്നു. എനിക്ക് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ. അസഹനീയമായ ആ ശബ്ദത്തില്‍ എന്റെ ചെവികള്‍ പൊട്ടിപ്പോയെന്ന് തോന്നി. പിന്നെ എല്ലാം പെട്ടെന്ന് നിശബ്ദമായി, ചുറ്റും കരച്ചിലുകള്‍ മാത്രം ഉയര്‍ന്നു. വലിയ ഒരുദുരന്തമാണ് ഉണ്ടായതെന്ന് എല്ലാവര്‍ക്കും മനസിലായി. ഞാന്‍ എഴുന്നേല്‍ക്കുന്നതിനിടെ എന്റെ മുകളിലുണ്ടായ ആള്‍ തെന്നിവീണു. അയാളുടെ ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നുവീഴുന്നത് ഇപ്പോഴും എന്റെ കണ്‍മുന്നില്‍ ഉള്ളതുപോലെ'

'ഞാനും സുഹൃത്തും ഓടി. എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു, അവിടെനിന്ന് രക്ഷപ്പെടണം എന്ന് മാത്രമായിരുന്നു ചിന്ത. സ്വരാജ് റൗണ്ടിലെ ആ കാഴ്ച പേടിപ്പെടുത്തുന്നതായിരുന്നു. റോഡിലും നടപ്പാതയിലും ആളുകള്‍ ചിതറിക്കിടക്കുന്നു; ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ചിലര്‍ ജീവനറ്റ നിലയിലാണ്. പൊലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കുറച്ച് ദൂരം ഓടിയപ്പോള്‍ ഞങ്ങള്‍ നിന്നു. അപ്പോഴാണ് എന്റെ പുറത്ത് നീറ്റല്‍ അനുഭവപ്പെട്ടത്. സുഹൃത്ത് എന്റെ ഷര്‍ട്ട് മാറ്റിയപ്പോള്‍ അവിടെ ഒരു മുറിവ് കണ്ടു. അതിന് വലിയ ആഴമുണ്ടായിരുന്നില്ല. എങ്കിലും മരണത്തിന്റെ തൊട്ടരികില്‍ നിന്നാണ് ഞാന്‍ മടങ്ങിയെത്തിയതെന്ന് അത് എന്നെ ഓര്‍മ്മിപ്പിച്ചു'.

'ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. അപ്പോഴേക്കും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വീട്ടില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ അപകടം നടന്ന സ്ഥലത്തേക്ക് എന്നെ തിരഞ്ഞ് അച്ഛന്‍ തിരിച്ചിരുന്നു. മണിക്കൂറുകളോളം വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍, അമ്മയും അവിടേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. നാട്ടുകാരും വീട്ടില്‍ തടിച്ചുകൂടി. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ വിരിഞ്ഞ ആശ്വാസം വിവരണാതീതമായിരുന്നു. അമ്മ പൊട്ടിക്കരഞ്ഞു. ആ രാത്രി ആറ് ജീവനുകളാണ് പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിജീവിച്ച ഞങ്ങളെപ്പോലെയുള്ളവരില്‍ നിന്ന് ഒരിക്കലും ആ ഓര്‍മ്മ മാഞ്ഞുപോയില്ല. ദശകങ്ങള്‍ക്കിപ്പുറം ഇന്നും, വെടിക്കെട്ടിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഒരു നേരിയ ഭീതിയുടെ പ്രതിധ്വനി ഉള്ളില്‍ നിറയുന്നു'-ഡോക്ടര്‍ പറയുന്നു.

'When the sky fell on us' - A survivor's memory of the 1978 Thrissur Pooram tragedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

Today's Rashi Phalam April 23|ആത്മവിശ്വാസം ഉയരും, സാമ്പത്തിക നില മെച്ചപ്പെടും

ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് പുനഃപരിശോധിക്കണമെന്ന് വിദഗ്ദ്ധർ

ദമ്പതികള്‍ പ്രതിസന്ധികള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

SCROLL FOR NEXT