കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതി ചേര്‍ത്തതിനെ വിമര്‍ശിച്ച് ഹൈക്കോടതി. വാര്‍ത്താഹൈപ്പിന്റെ അടിസ്ഥാനത്തില്‍ പ്രതിയാക്കരുത്. ഭരണഘടനാ പദവിയില്‍ ഇരുന്നയാളുകളെ വിശദപരിശോധനയില്ലാതെ പ്രതി ചേര്‍ക്കരുത്. അത് നിയമസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകരാന്‍ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു. പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്, എന്‍ജിഒ സംഘടനയുടെ അഡ്വൈസറി ചെയർമാനായിരുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്.
ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിയാക്കി പെരിന്തല്‍മണ്ണ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകരാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക തട്ടിപ്പുമായി ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച്, മനസ്സര്‍പ്പിച്ചു തന്നെയാണോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസിനോട് ചോദിച്ചു. ഭരണഘടനാ പദവിയില്‍ ഇരുന്നയാളാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. ഇത്തരത്തിലുള്ള ഒരാള്‍ക്കെതിരെ എന്തു തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. തെളിവുകള്‍ കോടതിയെ അറിയിക്കണം. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിന് മുന്നോട്ടു പോകാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
കേസെടുത്തതിനെതിരെ നല്‍കിയിട്ടുള്ള ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഏതൊരാള്‍ക്കെതിരെ കേസെടുത്താലും മനസ്സര്‍പ്പിച്ചു തന്നെയാണ് പൊലീസ് ചെയ്യാറുള്ളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസെടുക്കും മുമ്പ് വസ്തുതയും സാഹചര്യവും പരിശോധിക്കേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates