കൊച്ചി: കണ്ണീരുണങ്ങും മുന്‍പേ വീണ്ടും അടുപ്പെരിഞ്ഞു; ജീവിതം മുന്നോട്ടുനയിക്കാന്‍ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്ന് ഭാര്യയും മകളും. കണ്ടെയ്‌നര്‍ റോഡില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകടയാണ് ഇന്നലെ മുതല്‍ ഭാര്യ ബിന്ദുവും മകള്‍ ഭദ്രകീര്‍ത്തിയും ചേര്‍ന്ന് തുറന്നത്.
ജയബാലകൃഷ്ണന്റെ ചിത്രത്തിന് താഴെ തിരി തെളിച്ചാണ് കടവീണ്ടും തുടങ്ങിയത്. ജയബാലകൃഷ്ണന്റെ മരണത്തോടെ കുടുംബത്തിന്റെ ജീവിതമാര്‍ഗവും ഏറെ പ്രതിസന്ധിയിലായിരുന്നു. ഇതോടെയാണ് തട്ടുകട വീണ്ടും തുറക്കാന്‍ കുടുംബം തീരുമാനിച്ചത്. ജയബാലകൃഷ്ണന്‍ നല്‍കിയിരുന്ന ദോശയും ചമ്മന്തിയും ഓംലെറ്റും ചായയുമാണ് ഇന്നലെ വിളമ്പിയത്.
ഹൈദരബാദിലെ ജോലി തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാണ് ഭദ്രകീര്‍ത്തി കടയില്‍ നില്‍ക്കുന്നത്. കേസിന്റെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്നുണ്ടെന്നും എതിര്‍ഭാഗത്ത് ജഡ്ജിയായതിനാല്‍ പ്ലാനിങ്ങോട് കൂടിയാണ് കേസ് നടത്തുന്നതെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.
തുടക്കത്തില്‍ ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി പതിനേഴുകാരന് സ്റ്റേഷന്‍ ജാമ്യം നല്‍കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്ജി ധിക്കാരപരമായി പെരുമാറിയതും വാര്‍ത്തയായിരുന്നു. ജനരോഷം ശക്തമായതോടെയാണ് പിന്നീട് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത്.
കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് പതിനേഴുകാരന്‍ പൊലീസിന് നല്‍കിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്‌കൂട്ടര്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ പ്രതിയുടെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ പൊലീസ് പ്രതി ചേര്‍ത്തിരുന്നെങ്കിലും ഹൈക്കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates