തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ തയ്യാറാക്കല്‍ സംവിധാനം നവീകരിക്കുന്ന പരിശോധനകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ടേം പരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പ്രക്രിയ മറ്റു ആധുനിക സാങ്കേതികവിദ്യാ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ ചിട്ടപ്പെടുത്തുന്നത് ആലോചിക്കും. ഇക്കാര്യങ്ങളുടെയെല്ലാം പ്രായോഗികത തീര്‍ച്ചയായും പരിശോധിക്കുമെന്നും പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഈ ക്രൂരത ചെയ്യുന്നവരെ തീര്‍ച്ചയായും നിയമത്തിന് മുമ്പില്‍ കൊണ്ടു വരും. അക്കാദമിക ധാര്‍മ്മികത പുലര്‍ത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് ജനമധ്യത്തില്‍ കൊണ്ടുവരണം. എല്ലാ കാലത്തും പൊതുവിദ്യാഭ്യാസരംഗത്തെ താങ്ങി നിര്‍ത്തിയതും പുഷ്ടിപ്പെടുത്തിയതും പൊതുസമൂഹമാണ്. ഈ കാര്യത്തിലും അത് അത്യാവശ്യമാണ്.
കെ.ഇ.ആര്‍. അദ്ധ്യായം 8 ല്‍ റൂള്‍ 11 പ്രകാരം ആന്തരികമായ എഴുത്തുപരീക്ഷകള്‍ നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്ന ഉത്തരവാദിത്വം അതത് സ്‌കൂള്‍ പ്രധാനാധ്യാപകരില്‍ നിക്ഷിപ്തമാണ്. ഇത് പ്രകാരം സ്‌കൂള്‍ അടിസ്ഥാനത്തിലാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത്. 1980 കളോടെ സ്വകാര്യ ഏജന്‍സികള്‍ ഈ രംഗത്ത് വലിയ തോതില്‍ കടന്നുവരികയും അവരുടെ നേതൃത്വത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന തരത്തിലേക്ക് എത്തുകയും ചെയ്തു. ഇത് കച്ചവട രൂപത്തിലേക്ക് മാറി. ഈ പ്രവര്‍ത്തനം ഒട്ടേറെ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കി.
ഈ ഘട്ടത്തില്‍തന്നെ അധ്യാപക സംഘടനകളും ചോദ്യപേപ്പര്‍ നിര്‍മാണവും അതിന്റെ വില്‍പനയും നടത്തിയിരുന്നു. 1996-97 കളോടെ പല സബ് ജില്ലകളിലും എ.ഇ.ഒ. മാരുടെ നേതൃത്വത്തില്‍ സബ് ജില്ലാടിസ്ഥാനത്തില്‍ അധ്യാപകരെ പങ്കെടുപ്പിച്ച് ചോദ്യപേപ്പര്‍ നിര്‍മിച്ച് വിതരണം ചെയ്യുന്ന സംവിധാനം നിലവില്‍ വന്നു. ഈ ഘട്ടത്തിലെല്ലാം കുട്ടികളില്‍ നിന്നാണ് ചോദ്യപേപ്പര്‍ നിര്‍മാണത്തിന് ആവശ്യമായ തുക ശേഖരിച്ചിരുന്നത്.
2007 കഴിഞ്ഞാണ് കേന്ദ്രീകരിച്ച ചോദ്യ നിര്‍മാണത്തിലേക്ക് കടന്നത്. ഈ ഘട്ടത്തിലും ജില്ലാടിസ്ഥാനത്തിലാണ് ചോദ്യ നിര്‍മാണം ഉണ്ടായിരുന്നത്. 2008-09ല്‍ വിദ്യാഭ്യാസ അവകാശ നിയമം വരുന്ന പശ്ചാത്തലം ഒരുങ്ങിയതോടു കൂടി മൂല്യനിര്‍ണയം കുറേക്കൂടി ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായും കുട്ടികളില്‍ നിന്ന് പണം പിരിക്കാതെ സൗജന്യമായി നല്‍കേണ്ടതിനാലും സര്‍വ്വശിക്ഷാ അഭിയാനെ (എസ്.എസ്.എ) ഉപയോഗപ്പെടുത്തിക്കൊണ്ട് കേന്ദ്രീകൃതമായ ചോദ്യനിര്‍മാണവും വിതരണവും ആരംഭിച്ചു. ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ട്. പരീക്ഷകളുടെ സ്വഭാവവും രഹസ്യാത്മകതയും ഗുണനിലവാരവും നിലനിര്‍ത്തി എങ്ങനെ മുന്നോട്ടു പോകാമെന്ന് ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates