കൊച്ചി: വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വീട്ടമ്മയില്‍നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തതിനു പിന്നാലെ കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 43 വയസ്സുകാരിയെ കബളിപ്പിച്ച് 95,000 രൂപ തട്ടിയെടുത്തതാണ് പുതിയ കേസ്. വാട്‌സാപ് വഴി ലിങ്ക് അയച്ചു നല്‍കി ഫോണിന്റെ നിയന്ത്രണം സ്വന്തമാക്കിയാണ് അക്കൗണ്ടില്‍നിന്നു പണം കവര്‍ന്നത്.
കഴിഞ്ഞ മാസം 18നാണ് സംഭവം. ഒരു എഫ്എം റേഡിയോയുടെ കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ നിന്നാണെന്ന് പറഞ്ഞ് യുവതിക്ക് വാട്‌സാപ്പിലേക്കു കോള്‍ വന്നു. പിന്നാലെ ഒരു ലിങ്കും അയച്ചു നല്‍കി. ഇതില്‍ ക്ലിക്ക് ചെയ്തതോടെ യുവതിയുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ കരസ്ഥമാക്കുകയും അതുവഴി അക്കൗണ്ടില്‍ നിന്ന് 95,000 രൂപ അപഹരിക്കുകയും ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇന്നലെയാണ് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
മട്ടാഞ്ചേരി ആനവാതില്‍ സ്വദേശിയായ 59കാരിയെ സൈബര്‍ തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി 2.88 കോടി രൂപ തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വ്യാജ കോടതിയും വ്യാജ ജഡ്ജിയും വ്യാജ സാക്ഷിയും വരെ ഒരുക്കിയായിരുന്നു സൈബര്‍ തട്ടിപ്പു സംഘത്തിന്റെ പ്രവര്‍ത്തനം. മുംബൈയിലെ തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നും കള്ളപ്പണ കടത്തു കേസില്‍ വീട്ടമ്മയ്ക്ക് പങ്കുണ്ടെന്ന് തെളിവുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പു സംഘം വീട്ടമ്മയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ് ചെയ്ത് പല തവണകളായി 2.88 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പു വഴി 25 കോടി രൂപ നഷ്ടമായ സംഭവവും അടത്തു തന്നെയാണ് നടന്നത്. സൈപ്രസ് കേന്ദ്രീകരിച്ച് മലയാളികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates