കല്‍പ്പറ്റ: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ വയനാട് പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പൊലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ കണ്ണകി അര്‍ച്ചന രമ്യ(30), ഈശ്വരി (47)എന്നിവരെയാണ് തിങ്കളാഴ്ച പൊലീസ് പിടികൂടിയത്. ഇവര്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മാലമോഷണങ്ങള്‍ നടത്തിയവരാണെന്ന് പൊലീസ് പറയുന്നു.
പ്രായമായവരെ പിന്തുടര്‍ന്ന് അവരറിയാതെ കവര്‍ച്ച നടത്തിയ ശേഷം ഓട്ടോറിക്ഷകളില്‍ പലയിടങ്ങളില്‍ മാറി മാറി സഞ്ചരിച്ചും പലയിടങ്ങളില്‍ താമസിച്ചും കുറ്റ കൃത്യങ്ങള്‍ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെ മീനങ്ങാടി പഞ്ചായത്ത് പരിസരത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പല പേരുകളിലായി കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളും വാറണ്ടുകളുമുണ്ട്. പല പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ ചുറ്റികറങ്ങി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. പ്രത്യേക അന്വേഷണ സംഘമായ SAGOC കൂടാതെ മാനന്തവാടി എ.എസ്.പി കാര്‍ത്തിക് ഐ.പി.എസ്, ഡിവൈ.എസ്.പി മാരായ എം.എം അബ്ദുള്‍ കരീം, ടി.എ അഗസ്റ്റിന്‍, തുടങ്ങിയവരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലുട നീളം ബസുകളും, ഓട്ടോറിക്ഷകളും, ലോഡ്ജുകളും, ബസ് സ്റ്റാന്റുകളും മറ്റും കേന്ദ്ര്വീകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു.
വാവ്ബലിയോടനുബന്ധിച്ച് തിരുനെല്ലി അമ്പല പരിസരത്തും അമ്പലവയല്‍, കമ്പളക്കാട് സ്റ്റേഷന്‍ പരിധികളിലും കവര്‍ച്ച നടന്നതിനെ തുടര്‍ന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. മീനങ്ങാടിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്‍ സുമേഷിന് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ കൃത്യമായ നിരീക്ഷണമാണ് മോഷ്ടാക്കളെ വലയിലാക്കാന്‍ സഹായിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുനെല്ലി, അമ്പലവയല്‍, കമ്പളക്കാട് , ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മാലമോഷണങ്ങള്‍ നടന്നിരുന്നു. തിരക്കേറിയ ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇവര്‍ സംശയസാഹചര്യത്തില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുന്‍പ് പൊലീസ് സോഷ്യല്‍ മീഡിയ വഴിയും മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇന്ന് മീനങ്ങാടിയിലെ 'ഔറ കളക്ഷന്‍' ഫാന്‍സി കടയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചതായും പൊലീസിന് പരാതി ലഭിച്ചിരുന്നു മോഷണ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പാലീസിന്റെ നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates