Young writer against Rahul Mamkootathil mla  
Kerala

'തന്നെ മോശമായി ചിത്രീകരിച്ചു, ഇരയാക്കിയ നിരവധി പേരെ അറിയാം', രാഹുല്‍ മാങ്കൂട്ടത്തിനെതിരെ യുവ എഴുത്തുകാരി

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതില്‍ ഷാഫി പറമ്പില്‍ എംപി വലിയ പങ്കുണ്ടെന്നും പോസ്റ്റ് ആരോപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കുട്ടത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍. തന്നെ കുറിച്ച് മോശമായ രീതിയില്‍ പ്രചാരണം നടത്തിയെന്നും, സാമൂഹിക മാധ്യമത്തിലൂടെ തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഹണി ഭാസ്‌കറിന്റെ ആരോപണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതില്‍ ഷാഫി പറമ്പില്‍ എംപിക്ക് വലിയ പങ്കുണ്ടെന്നും പോസ്റ്റ് ആരോപിക്കുന്നു. പാലക്കാട് എംഎല്‍എയ്ക്ക് എതിരായ പരാതികള്‍ എവിടെയും എത്താതെ പോകുകയാണെന്നും എഴുത്തുകാരി പറയുന്നു.

രാഹുലിന്റെ സൗഹൃദ സംഘങ്ങളില്‍ തന്നെ കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പിന്നീട് അറിഞ്ഞിരുന്നു. ഇക്കാര്യം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് തന്നോട് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയവരില്‍ യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തര്‍ ഉണ്ടെന്ന സൂചനയും എഴുത്തുകാരി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഇരയാക്കിയ നിരവധി പേരെ അറിയാം എന്നും ഹണി ഭാസ്‌കരന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു.

ഹണി ഭാസ്‌കറിന്റെ പോസ്റ്റ് പൂര്‍ണരൂപം-

രാഹുല്‍ മാങ്കൂട്ടം - അനുഭവം.

നിങ്ങളെ എനിക്ക് വ്യക്തിപരമായി അറിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിങ്ങളുടെ പെണ്‍വിഷയങ്ങളുമായി വാര്‍ത്തകള്‍ വരും വരെയും എനിക്ക് നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഒന്നും തന്നെ അറിവില്ല. അതുവരേയ്ക്കും രാഷ്ട്രീയത്തിലെ നിങ്ങളുടെ ഒട്ടും മാതൃകപരമല്ലാത്ത പ്രവൃത്തികളെ കുറിച്ചല്ലാതെ വ്യക്തിപരമായ വിഷയങ്ങളില്‍ ധാരണകളും ഉണ്ടായിരുന്നില്ല.

ഞാന്‍ ഓരോ യാത്ര പോയി വരുമ്പോഴും യാത്രാ സ്‌നേഹികള്‍ ആയ മനുഷ്യര്‍ ആ യാത്രയെ കുറിച്ചും നാടിനെ കുറിച്ചും യാത്ര പോവാനായി വിവരങ്ങള്‍ തിരക്കി എപ്പോഴും വരാറുണ്ട്. ഞാന്‍ പറയാറുമുണ്ട്.

രാഷ്ട്രീയത്തില്‍ ആജീവനാന്തകാല ശത്രുക്കള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ പോലും ഇല്ലാതിരിക്കെ അതൊക്കെയും വിയോജിപ്പുകള്‍ ആയി കാണുന്ന ഞാന്‍, ഇതര രാഷ്ട്രീയത്തില്‍ പെട്ട ഒരാള്‍ എന്നോട് മിണ്ടാന്‍ വന്നാല്‍ ഉടനേ അതെടുത്തു അയാള്‍ക്കെതിരെ പോസ്റ്റിട്ട് അധിക്ഷേപിക്കാന്‍ മെനക്കെടുന്ന വ്യക്തി അല്ല. രാഷ്ട്രീയ വിയോജിപ്പുകള്‍ക്കിടയിലും മാന്യരായി ഇടപെടുന്ന മനുഷ്യരോട് മാന്യതയോടെ ഇടപെടാന്‍ പറ്റും എന്നുള്ളതാണ് എന്റെ രാഷ്ട്രീയ ശരി. ബോധ്യം.

ഈ ജൂണ്‍ 9. ഞാന്‍ ശ്രീലങ്കന്‍ യാത്ര നടത്തുന്ന സമയം. നിങ്ങള്‍ അന്ന് എന്റെ ഇന്‍സ്റ്റ മെസ്സഞ്ചറില്‍ ആദ്യമായി വന്നു. എന്റെ ഫോട്ടോയ്ക്ക് ഹൃദയം അയച്ച് കൊണ്ടായിരുന്നു നിങ്ങളുടെ തുടക്കം യാത്രയുടെ ഡീറ്റെയില്‍സ് തിരക്കിക്കൊണ്ട്. ശ്രീലങ്ക പോവാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഒരു മുന്‍വിധികളും ഇല്ലാതെ നിങ്ങള്‍ക്ക് ഞാന്‍ അതു വിശദീകരിക്കുകയും ചെയ്തു. ശേഷം നിങ്ങള്‍ നിലമ്പൂര്‍ ഇലക്ഷനെ കുറിച്ച് ഇടതു സ്ഥാനാര്‍ഥി തോല്‍ക്കും എന്ന് ബെറ്റും വെച്ച് പോയി.

രാവിലെ നോക്കിയപ്പോ നിങ്ങളുടെ മെസേജുകളുടെ തുടര്‍ച്ച കണ്ടു. ചാറ്റ് നിര്‍ത്താന്‍ തനിക്ക് ഉദ്ദേശം ഇല്ല എന്ന് അതില്‍ നിന്നും എനിക്ക് കോഴിക്കാട്ടം മണത്തതിനാല്‍ നിങ്ങള്‍ക്ക് റിപ്ലൈ തന്ന് നിങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. ഞാന്‍ മറുപടി തരാത്തത് കൊണ്ട് ആ ചാറ്റ് അവിടെ അവസാനിച്ചു.

നിങ്ങളുമായുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും കമ്യൂണിക്കേഷന്‍ അതായിരുന്നു.

പലവിധത്തില്‍ നിങ്ങളുടെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകള്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കൊണ്ടിരിക്കെ അന്നത്തെ എന്റെ ധാരണ തെറ്റിയില്ല എന്ന് എനിക്ക് ബോധ്യം വന്നെങ്കിലും മാന്യമായി നടന്ന ഒരു സംഭാഷണത്തെ വെച്ച് അധിക്ഷേപിക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.

പക്ഷേ, ഇന്നലെയാണ് ആണ് ഞാന്‍ നിങ്ങള്‍ എന്നോട് ചാറ്റ് നടത്തിയതിന്റെ പിന്നിലെ അശ്ലീല കഥ ഞാന്‍ അറിയുന്നത്. അതും യൂത്ത് കോണ്‍ഗ്രസ്സിലെ നിങ്ങളുടെ ചങ്കുകളില്‍ ഒരാള്‍ വഴി. എന്തുമാത്രം തരം താഴ്ന്ന ഒരുത്തന്‍ ആണ് എന്ന്.

ഈ പോസ്റ്റിന്റെ കാരണവും അതാണ്.

നിങ്ങള്‍ ആ സംഭാഷണത്തെ കുറിച്ച് യാതൊരു ഉളുപ്പും ഇല്ലാതെ നിങ്ങളുടെ അതേ വിശാല മനസ്‌കതയുള്ള, കള്ളന് കഞ്ഞി വെച്ച് കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിലെ നിങ്ങളുടെ സുഹൃത്തുക്കളോട് പറഞ്ഞത് ഞാന്‍ നിങ്ങളോട് അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നും ഇത് പതിവാണെന്നും ആണ്. അതിലും എന്നെ ഞെട്ടിച്ച കാര്യം ആ കോഴിക്കാട്ടങ്ങള്‍ക്ക് നടുവില്‍ ഇരുന്നാണ് ആ സംഭാഷണം നിങ്ങള്‍ നടത്തിയത് എന്ന സത്യമാണ്. നിങ്ങള്‍ എന്തെഴുതി എന്നോ ആര് സംഭാഷണത്തിന് ആദ്യം വന്നുവെന്നോ ആ കോഴിക്കാട്ടങ്ങള്‍ അറിഞ്ഞിട്ടില്ല.

നിങ്ങള്‍ പറഞ്ഞതും വിശ്വസിച്ചു കോഴിക്കാട്ടങ്ങളിലെ മറ്റൊരു കോണ്ഗ്രസ് പ്രവര്‍ത്തകന്‍, നിങ്ങളുടെ തോളില്‍ നിരന്തരം കയ്യിട്ട് നടക്കുന്ന നേതാവ് എന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞ് വന്നപ്പോള്‍ ആ വ്യക്തി കിന്റല്‍ കനത്തില്‍ തിരിച്ച് മറുപടിയും നല്‍കി.

എന്റെ സുഹൃത്ത് നിങ്ങളുടെ അതേ കോണ്ഗ്രസ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആളായിട്ട് പോലും നിങ്ങളെ പോലൊരു രാഷ്ട്രീയ മാലിന്യത്തോട് മാലിന്യം ആണ് എന്നറിഞ്ഞിട്ടു കൂട്ട് കൂടാന്‍ ക്യൂ നില്‍ക്കാന്‍ മാത്രം അധഃപതിച്ചിട്ടില്ല എന്റെ രാഷ്ട്രീയ ബോധ്യം എന്ന് തന്നെ മറുപടി നല്‍കി.

സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെര്‍വേര്‍ട്ടുകള്‍ക്ക് ഇടയില്‍ മോശമായി ചിത്രീകരിച്ച് ആളാകുന്ന നിങ്ങളിലെ സൈക്കോയെ കൂടി ജനം അറിയേണ്ടതുണ്ട്. അതിനാണ് ഈ പോസ്റ്റ്.

രാഷ്ട്രീയപരമായി നിങ്ങളോടുള്ള എന്റെ വിയോജിപ്പുകള്‍ എന്റെ വോളില്‍ ഒരു ദയയും ഇല്ലാതെ കടുത്ത ഭാഷയില്‍ എഴുതിയിട്ടുള്ള ഒരാളാണ് ഞാന്‍. നിങ്ങളിലെ വ്യാജനെ കുറിച്ച് നിലമ്പൂര്‍ ഇലക്ഷന്‍ പോസ്റ്റില്‍ പോലും പറഞ്ഞിട്ടുണ്ട്. ആ എന്നെ കുറിച്ച് പോലും ഇമ്മാതിരി വഷളത്തരം പറയാന്‍ ചെറിയ ഉളുപ്പൊന്നും പോരാ എട്ടുകാലി മമ്മൂഞ്ഞേ....

ആള്‍ക്കൂട്ടങ്ങളില്‍ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തന്നെ കൂടി ഇതില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

നിങ്ങള്‍ അടുത്ത് ഇടപഴകിയിട്ടുള്ള നിങ്ങളുടെ പാര്‍ട്ടിയിലെ തന്നെ സ്ത്രീകളെ ഓര്‍ത്ത് ഭയവും സഹതാപവും തോന്നുന്നു. എന്ത് മാത്രം അശ്ലീലങ്ങള്‍ ഈ ലൈംഗിക ദാരിദ്ര്യം പിടിച്ച കൂട്ടങ്ങള്‍ക്കിടയില്‍ നിങ്ങള്‍ നിങ്ങളോട് നേരിട്ട് ഇടപെട്ട സ്ത്രീകളെ കുറിച്ചപ്പോള്‍ പാടി നടന്നിട്ടുണ്ടാകും? നിങ്ങളോടൊപ്പം സ്വകാര്യത പങ്കിട്ട സ്ത്രീകള്‍ എന്ത് മാത്രം ഭയന്നിട്ടാവും അതൊന്നും പുറത്ത് പറയാതെ ഇരിക്കുന്നത് എന്ന് ഊഹിക്കാന്‍ പറ്റും.

ഇന്നൊരു യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തക പറഞ്ഞ കാര്യം നിങ്ങള്‍ അടക്കം ഉള്ള യൂത്ത് കോണ്‍ഗ്രസിലെ സകല പെര്‍വേര്‍റ്റുകളെ കുറിച്ചും വ്യക്തമായ ധാരണ ഷാഫി പറമ്പിലിനു ഉണ്ട് എന്നാണ്. നിയമ സഭയില്‍ പോയി സ്ത്രീകള്‍ക്ക് വേണ്ടി വലിയ പ്രസംഗം നടത്തുന്ന അയാള്‍ യൂത്ത് കോണ്‍ഗ്രസ്സിലെ സ്ത്രീലമ്പടന്‍മാര്‍ക്കെതിരെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ കൊടുത്ത ഒരൊറ്റ പരാതി പോലും ഗൗനിക്കാറില്ല എന്നാണ്. ആ സ്ത്രീ കൊടുത്ത പരാതി പോലും ഗൗനിച്ചിട്ടില്ല എന്നാണ്. കോണ്ഗ്രസ് പ്രവര്‍ത്തക ആയതുകൊണ്ട് മാത്രം അവര്‍ എഴുതാതെ ഇരിക്കുന്നു എന്നാണ്. എത്ര ഗതി കെട്ടിട്ടാവും ഈ തെമ്മാടി കൂട്ടത്തെ കുറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞത്?

ഒരു പീഡനം നടത്തിയവനെക്കാള്‍ അറപ്പു തോന്നേണ്ടത് ഒരിക്കല്‍ മിണ്ടുകയോ വിശ്വസിച്ചു കൂടെ നടന്നതോ സ്വകാര്യത പങ്കിടുകയോ ചെയ്ത സ്ത്രീകളെ കുറിച്ച് ആ സ്വകാര്യത പാടി നടക്കുകയോ തന്റെ മനോവൈകല്യം പോലെ കഥകള്‍ പടച്ചു വിടുകയോ ചെയ്യുന്ന ആഭാസന്മാരോടാണ്. ട്രോമയില്‍ അകപ്പെട്ട സ്ത്രീകള്‍ക്ക് ഒരിക്കലും പുറത്ത് വരാന്‍ സാധിക്കാത്ത വിധം ആ നിറം പിടിപ്പിച്ച കഥകള്‍ അവരെ നശിപ്പിച്ച് കളയും. അത്തരം ആണ്‍കൂട്ടങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന അപകടം ചെറുതല്ല. അവര്‍ക്ക് മാപ്പില്ല. മാന്യതയുള്ള മറുപടി അര്‍ഹിക്കുന്നുമില്ല.

അവര്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ പോയിട്ട് സ്ത്രീകള്‍ ഉള്ള പ്രദേശത്തു പോലും അടുപ്പിക്കാന്‍ പറ്റാത്തത്ര അന്തസ്സില്ലാത്ത വര്‍ഗ്ഗമാണ്. അത്തരം ആളുകള്‍ രാഷ്ട്രീയ തുടര്‍ച്ചകളിലേക്ക് വരുന്നത് രാഷ്ട്രീയം എന്ന വാക്കിനെ തന്നെ മനുഷ്യ വിരുദ്ധം ആക്കിക്കളയും.

അതുകൊണ്ട് രാഹുല്‍ മാങ്കൂട്ടം എന്ന എട്ടുകാലി മമ്മൂഞ്ഞേ...

നിങ്ങള്‍ ഒരു തികഞ്ഞ രാഷ്ട്രീയ മാലിന്യം ആണെന്ന് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെടുത്തി തന്നത് സഖാക്കളല്ല. നിങ്ങളുടെ തോളില്‍ കയ്യിട്ടും ചാരി ഉറങ്ങിയും നൃത്തം ചെയ്തും ഫണ്ട് മോഷണത്തില്‍ പങ്ക് ചേര്‍ന്നും ദിവസത്തിന്റെ ഏറിയ സമയവും നിങ്ങള്‍ക്കൊപ്പം ചിലവഴിക്കുന്ന പേര് കേട്ട യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകരാണ്. നിങ്ങളുടെ നെറികേടുകളെ എത്ര മാത്രം മനസിലാക്കിയിട്ടാകും അവരിലൂടെ ഇടത് പക്ഷക്കാരിയായ എന്നിലേക്ക് ഇത് എത്തിയിട്ടുണ്ടാകുക ?

മനുഷ്യരോട് ചാറ്റില്‍ നടത്തിയ വര്‍ത്തമാനങ്ങള്‍ അത്ര ഗതി കെട്ടാല്‍ അല്ലാതെ പുറത്ത് വിടാന്‍ ആഗ്രഹിക്കാത്ത ഒരാള്‍ ആയിട്ടും നിങ്ങളിലെ നുണയനെ നിങ്ങളുടെ കൂടെ നടക്കുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ടത് ഇപ്പോള്‍ ഏറ്റവും വല്യ അനിവാര്യത ആയതുകൊണ്ട് കമന്റില്‍ ചേര്‍ക്കുന്നു.

ഫണ്ട് മുക്കാനും പെണ്‍വിഷയങ്ങള്‍ക്കും വേണ്ടി അല്ലാതെ നിങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനത്തോട് ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥത ശേഷിക്കുന്നുണ്ടെങ്കിള്‍ നിങ്ങള്‍ ഇനി ചെയ്യേണ്ടത് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നുള്ളതാണ്. അതാണ് അന്തസ്സ്...!

Young writer Honey Bhaskaran against Rahul Mamkootathil mla.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

ഇ- ഇൻവോയ്‌സിംഗ് ചട്ടങ്ങൾ ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴയെന്ന് യു എ ഇ

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

SCROLL FOR NEXT