Police Station Brutality CCTV Visuals CCTV Visuals
Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവില്‍ പുറത്ത് ( വിഡിയോ )

എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നീ പൊലീസുകാരാണ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ചത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പൊലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

സ്റ്റേഷന്റെ മുകളില്‍ കൊണ്ടുപോയി സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും മര്‍ദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് സുജിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ ഈ പരാതിയില്‍ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. സുജിത്തിനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ ക്രമസമാധാന ചുമതലയില്‍ തുടര്‍ന്നു. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തുടര്‍ന്ന് തെളിവുകള്‍ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നേരിട്ടു കേസെടുത്തു.

തന്നെ മര്‍ദിച്ചതിന്റെ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി പൊലീസില്‍ അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് പല കാരണങ്ങള്‍ പറഞ്ഞു ദൃശ്യം നല്‍കുന്നത് തടഞ്ഞു വെച്ചു. തുടര്‍ന്ന് സുജിത്ത് വിവരാവകാശ നിയമപ്രകാരം സി സി ടി വി ദൃശ്യം ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിസ്സഹകരണ സമീപനം തുടര്‍ന്നു. സുജിത്ത് നല്‍കിയ അപ്പീല്‍ അപേക്ഷയില്‍, പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തുടര്‍ന്നും പൊലീസ് അലംഭാവം പുലര്‍ത്തിയതോടെ, വിവരാവകാശ കമ്മീഷന്‍ പൊലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ടശേഷം സിസിടിവി ദൃശ്യങ്ങള്‍ നല്‍കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ സുജിത്തിന് പൊലീസ് സ്റ്റേഷനിലെ പല സ്ഥലങ്ങളില്‍ വെച്ച് എസ് ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് അവശനാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നത്. നിലവില്‍ കോടതി ഈ പൊലീസുകാര്‍ക്കെതിരെ നേരിട്ടെടുത്ത കേസില്‍ വിചാരണ നടന്നു വരികയാണ്. നേരത്തെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന കെ സി സേതു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സുജിത്തിന് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. എസ് ഐ നുഹ്മാനും സിപിഒ മാരായ സജീവ്, സന്ദീപ് എന്നിവരും ചേര്‍ന്ന് സുജിത്തിനെ മര്‍ദിക്കുന്നതായി സി സി ടി വി ദൃശ്യങ്ങള്‍ തന്നെ തെളിവായി ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

CCTV footage of the police brutally beating a Youth Congress leader at Kunnamkulam police station has been released.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT