തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ സംബന്ധിച്ച് ഇതുവരെ സമവായമായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.
നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടു നേടിയ അബിനെ പ്രസിഡന്റ് ആക്കാതിരുന്നാല്‍ സ്വാഭാവിക നീതി നിഷേധമാകുമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്.
കെ എം അഭിജിത്തിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന പക്ഷം ബിനു ചുള്ളിയിലിനെയും നിര്‍ദേശിക്കുന്നു. ഒ ജെ ജനീഷും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്. 16 ദിവസമായി യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലാത്തത് സംഘടനാപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നിയമനം വൈകുന്നതിനെതിരെ സംസ്ഥാന സെകട്ടറി ജഷീർ പള്ളി വയൽ നേരത്തെ വിമർശനവുമായി രംഗത്തു വന്നിരുന്നു. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കണം. യൂത്ത് കോൺഗ്രസ് ഇപ്പോൾ നാഥനില്ലാ കളരിയാണെന്നും ജഷീർ പള്ളി വയൽ വിമർശിച്ചു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് ക്രൂരമായി മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടും, സംസ്ഥാന പ്രസിഡന്റ് ഇല്ലാത്തത് യൂത്ത് കോൺഗ്രസിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിന് തിരിച്ചടിയായിരുന്നു. കഴിഞ്ഞ ദിവസത്തെ സമരങ്ങൾ അബിൻ വർക്കിയാണ് ഏകോപിപ്പിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates