കാറിന് മുന്നില്‍ ഉത്രാടംതിരുനാള്‍, യൂസഫലി 
Kerala

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ അനുജനും മുതിര്‍ന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 T കാര്‍ എം എ യൂസഫലിക്കു സമ്മാനിക്കും.

ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപയ്ക്കാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കുന്നത്. കര്‍ണാടകയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ വാഹനപ്രേമിയായ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.

38ാം വയസ്സുമുതല്‍ സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിട്ടുണ്ട്. 85ാം വയസ്സിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിച്ചു. 

കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും സമീപിച്ചിരുന്നു. റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്സ് ക്യാമറയും കാറും ഉള്‍പ്പെടെ എല്ലാ വസ്തുക്കളെയും സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാര്‍ നല്‍കാന്‍ കൂട്ടാക്കിയില്ല.

ആത്മമിത്രമായ യൂസഫലിക്ക് കാര്‍ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ, കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭ വര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാര്‍ യൂസഫലിക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT