പാലാ പോലൊരു ബാലികേറാ മലയായിരുന്നു ഇടതുപക്ഷത്തിന് കോന്നി. 1996മുതല്‍ 2019 വരെ അടൂര്‍ പ്രകാശ് അടക്കിവാണ മണ്ഡലം. നാട്ടുകാരനായ കെ യു ജനീഷ് കുമാറിലൂടെ 23വര്‍ഷത്തിന് ശേഷം കോന്നി ഇടതുവഴിയിലേക്ക് നടക്കുകയാണ്. 54099 വോട്ട് നേടിയാണ് ഡിവൈഎഫ്‌ഐ നേതാവ് ജെനീഷ് കുമാര്‍ അടൂര്‍ പ്രകാശിന് പകരം വന്ന പി മോഹന്‍രാജിനെ മലര്‍ത്തിയടച്ചത്. 9953വോട്ടിന്റെ ഭൂരിപക്ഷം.
ശബരിമലയോട് അടുത്തുകിടക്കുന്ന മണ്ഡലത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിയുടെ കെ സുരേന്ദ്രനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ജനീഷ് കുമാര്‍ വിജയിച്ചു കയറുന്നത്. പി മോഹന്‍രാജ് 44146വോട്ട് നേടിയപ്പോള്‍ കെ സുരേന്ദ്രന് കിട്ടിയത് 39786വോട്ടാണ്. 19991ല്‍ എ പദ്മകുമാര്‍ സിപിഎമ്മിന് വേണ്ടി നേടിയത് 41615വോട്ടാണ്. ഇതിനെക്കാള്‍ 12440 വോട്ടാണ് ഇത്തവണ ജനീഷ് കുമാര്‍ കൂടുതല്‍ നേടിയിരിക്കുന്നത്.
2016ല്‍ 72,800വോട്ട് നേടിയാണ് അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നിന്ന് നിമയസഭയിലേക്ക് പോയത്. സിപിഎം സ്ഥാനാര്‍ത്ഥി ആര്‍ സനല്‍കുമാറിന് ലഭിച്ചത് 56,052വോട്ട്. ബിജെപിയുടെ ഡി അശോക് കുമാറിന് ലഭിച്ചത് 16,713 വോട്ട്.
'പാലാ പോന്നില്ലേ പിന്നല്ലേ കോന്നി' എന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് പരസ്യമായി പുറത്തുവന്ന തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ വെട്ടിയാണ് മോഹന്‍രാജിനെ യുഡിഎഫ് കോന്നിയിലിറക്കിയത്. കലാശക്കൊട്ടില്‍ ഉള്‍പ്പെടെ പങ്കെടുക്കാതെ അടൂര്‍ പ്രകാശ് മാറിനിന്നതും വലിയ ചര്‍ച്ചയായി. എ സമ്പത്തിന്റെ കോട്ടയായിരുന്ന ആറ്റിങ്ങല്‍ പിടിച്ചെടുത്താണ് അടൂര്‍ പ്രകാശ് ലോക്‌സഭയിലേക്ക് പോയത്. അതേ നേതാവിന്റെ കോട്ട അടപടലം പൊളിച്ചടുക്കിയാണ് കെ യു ജനേഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി നാട്ടിയിരിക്കുന്നത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates