Kerala

'അമ്മയുടെ സ്‌നേഹം എന്നായാലും ദൈവം തിരിച്ചറിയും; ഇവിടെ വരെ എത്തിയല്ലോ; ഇനി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്'; നിമിഷയുടെ അമ്മ 

നിമിഷ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നിയമം തീരുമാനിക്കട്ടെ - കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്‌ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയുടെ അമ്മ. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നിയമം തീരുമാനിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന നിമിഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അമ്മയുടെ പ്രതികരണം. 

'ആദ്യമായിട്ട് കാണുകയായിരുന്നു ഇന്നലെ. അവളുടെ സ്വരവും കേട്ടു. അതില്‍ വലിയ സന്തോഷം. മാര്‍ച്ച് 21ന് എന്റെ ജന്മദിനമാണ്. രണ്ട് മൂന്ന് ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇത്രയും കാലം സത്യം പറഞ്ഞിട്ടും ഒന്നിനും ഒരു മറുപടി വരാത്തത് എന്താണെന്ന്. മാര്‍ച്ച് 21ന് മുന്‍പോ അതിന്് ശേഷമോ മകളുടെ സ്വരമോ അല്ലെങ്കില്‍ വീഡിയോ ഒന്ന് കാണാന്‍ പറ്റണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ എന്റെ ജീവിതം ഇതോടെ തീര്‍ക്കണമെന്നും. എന്നും ഇങ്ങനെ വാവിട്ട് നിലവിളിച്ച് എല്ലാവരുടെയും മുന്നില്‍ വേഷം കെട്ടിക്കുമ്പോള്‍ എനിക്ക് ശരിക്കും വിഷമമായിരുന്നു' അമ്മ പറയുന്നു. 

' ഒരു പെണ്‍കുട്ടിയുടെ ജീവനാണ് ഞാന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.  അവള്‍ തെറ്റുകാരിയാണോയെന്നത് നിയമം തീരുമാനിച്ചോട്ടെ. വീട്ടുകാരും നാട്ടുകാരും എന്നെ വല്ലാതെ ഒറ്റപ്പെടത്തി. ഇന്നലെ ആ വിഡിയോ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഉറങ്ങിയിട്ടില്ല. സംസാരം വീണ്ടും വീണ്ടും കേട്ടിരിക്കുയായിരുന്നു. ഇവിടെ വരെ എത്തിയല്ലോ. ഇനി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്. അവരില്‍ നിന്ന് സഹായം കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അമ്മയുടെ സ്‌നേഹം എന്നായാലും ദൈവം തിരിച്ചറിയും' അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന നിമിഷയും സോണിയയും അറിയിച്ചിരുന്നു.ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ പറഞ്ഞിരുന്നു. 

2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും നിമിഷയും സോണിയയും ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ഇരുവരും സ്ഥിരീകരിക്കുന്നു. ശിക്ഷിക്കപ്പെടുകയില്ലെങ്കില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെന്നാണ് ഇരുവരും പറയുന്നത്. 

ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു. 
ഇവര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ പ്രതികരണങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

SCROLL FOR NEXT