കൊച്ചി: നിരോധഭരിതവും ആചാരനിബദ്ധവുമായ കേവല ബ്രഹ്മചര്യം യഥാര്‍ത്ഥത്തില്‍ നൈഷ്ഠികമല്ലെന്ന് എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍. ചാഞ്ചാട്ടമില്ലാത്ത ദീപനാളംപോലെ ബ്രഹ്മാഭിമുഖമായി നില്‍ക്കുന്ന മനസ്സും ബുദ്ധിയുമാണ് ബ്രഹ്മചര്യലക്ഷണം. ഏതു കാറ്റു വന്നാലും ഉലയില്ല.
ഇത്രത്തോളം ഉറച്ച യോഗസിദ്ധിയുള്ളതിനാലാണ് അയ്യപ്പന്‍ പരമാരാധ്യനാകുന്നത് എന്നിരിക്കെ, ഏതു മായാമോഹിനിയെ കണ്ടാലും എന്തു കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. സമകാലിക മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിലാണ് സി രാധാകൃഷ്ണന്റെ പരാമര്‍ശം.
അയ്യപ്പന്റെ ബ്രഹ്മചര്യം തുമ്മിയാല്‍ പോകുന്ന മൂക്കു മാത്രമെങ്കില്‍ അതേപ്പറ്റി ആരെന്തിനു വെറുതെ വേവലാതിപ്പെടണം!- ലേഖനത്തില്‍ ചോദിക്കുന്നു. കനകംമൂലം കാമിനിമൂലം എന്ന് കുഞ്ചന്‍ പാടിയതിനു മുന്‍പുതന്നെ ലോകത്തെവിടെയും ദുഃഖകാരണങ്ങള്‍ ഇതു രണ്ടുമാണെന്നു കരുതിയവര്‍ രണ്ടും തീര്‍ത്തും വര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്തു. രണ്ടും ഒഴിവാക്കുന്ന വ്രതങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷേ, സ്വന്തം മനസ്സാണ് കുറ്റവാളി എന്നു തിരിച്ചറിഞ്ഞില്ല. ഉപേക്ഷയല്ല, മനോനിയന്ത്രണമാണ് കാര്യം എന്നു കരുതാന്‍ കഴിവുള്ളവര്‍ അന്നും ചിരിച്ചു. ശാരദാദേവിയോടൊത്തുതന്നെ ആജീവനാന്തം ജീവിച്ച ശ്രീരാമകൃഷ്ണദേവന്‍ ബ്രഹ്മചാരിയായിത്തന്നെ വാണു. ഇങ്ങനെയുള്ളവര്‍ക്ക് ത്രികരണശുദ്ധി ഉള്ളംകൈയിലെ നെല്ലിക്കയായിരുന്നല്ലോ.
യോഗവിദ്യയിലൂടെയായാലും ബൗദ്ധ-ജൈന ചിന്താരീതികളിലൂടെയായാലും ഈ മഹനീയ അവസ്ഥയില്‍ എത്താമെന്നു തെളിയിച്ച ധന്യാത്മാക്കളെ നമുക്കറിയാം. മനുഷ്യമോചനത്തിന് ഇതേ വഴിയുള്ളൂ എന്നു തീര്‍ച്ചയുമാണ്. ഉദാഹരണത്തിന്, ശ്രീ അയ്യപ്പനെത്തന്നെ എടുക്കാം. എത്രയോ ദേവന്മാരും ദേവിമാരും അവരിലുള്ള വിശ്വാസങ്ങളും അതു സംബന്ധിച്ച ആചാരങ്ങളും ആയിരത്താണ്ടുകളായി നിലനിന്നിട്ടും ഇല്ലാതാകാത്ത ജാതിമതാദിഭേദചിന്തകള്‍ക്ക് അതീതമായി നിലയുറപ്പിച്ചത് ഈയൊരു ദൈവതമാണ്. ഇതൊരു അതിമഹത്തായ വിശ്വാസവും ദര്‍ശനവുമാണ്. യഥാര്‍ത്ഥ ബ്രഹ്മചര്യത്തിലേക്കുള്ള വഴി ഇതുതന്നെ, സംശയമില്ല.
പരമാത്മസാരൂപ്യം പ്രാപിച്ച പരമഗുരുതന്നെ താനുമെന്ന സങ്കല്പത്തിലേക്ക് ഒരാള്‍ പ്രതീകാത്മകമായി ഒരു മാലയിട്ട് പ്രവേശിക്കുന്നതോടെ ശീലിക്കാനുള്ളത് ഏകത്വഭാവനയും മനോനിയന്ത്രണവുമാണ്. ഇത് കാലംകൊണ്ടെങ്ങനെയാണ് ആര്‍ത്തവശുദ്ധിബോധവും വെറും ആചാരക്ലിഷ്ടതയും ആയതെന്ന് ആലോചിക്കേണ്ടതില്ലേ? ഉപനിഷത്ദര്‍ശനത്തെ ദുഷിപ്പിച്ച ചാതുര്‍വര്‍ണ്ണ്യവും പുരുഷാധിപത്യ വാസനയും ഇതിനെയും പിടിച്ചു വിഴുങ്ങിക്കളയുന്നോ? ഋതുവാര്‍ന്ന പെണ്ണിനുമിരപ്പനും പതിതനും ദാഹകനുംപോലും ഈശ്വരാരാധനയ്ക്കുള്ള തുല്യാവകാശം ഉറക്കെ പ്രഖ്യാപിച്ച രാമാനുജനെഴുത്തച്ഛനെ നാടുകടത്തി സംതൃപ്തരായവയര്‍ കേരളീയ നവോത്ഥാനത്തിനു തടയിടാന്‍ ശ്രമിച്ചതിന്റെ തനിയാവര്‍ത്തനം തന്നെയല്ലേ ഇത്? ഒരു സംശയവും വേണ്ട, ധര്‍മ്മം എവിടെയോ അവിടെയേ ജയമുള്ളൂ! ശാന്തം, പാപം! ഈശ്വരന്റെ പിതൃസ്ഥാനീയരും ശ്വശുരരുമൊക്കെയായി ഭാവിക്കുന്നവരുടെ വാഴ്ച ഇനിയുമെത്ര കാലം?
ഈശാവാസ്യമിദം സര്‍വ്വം എന്നതിന്റെ തുടര്‍ച്ചയായ സമത്വബോധവും പങ്കിടല്‍ മനോഭാവവും രുദിരാനുകമ്പയും നട്ടുവളര്‍ത്താന്‍ ഉതകുന്ന പരിശീലനത്തിന്റെ ഭാഗംതന്നെ ആവണ്ടേ, പെണ്ണിനെ കണ്ടാല്‍ ആദ്യം ഓര്‍മ്മവരുന്നത് അമ്മയെയോ പെങ്ങളെയോ ആവണം എന്ന നിഷ്‌കര്‍ഷയും. വേലിയും മറയും കെട്ടി എങ്ങനെ മറയ്ക്കാന്‍ തന്‍പാതിയെ? എനിക്കില്ലാത്ത എന്തശുദ്ധിയാണ് എന്റെ മറുപാതിക്കുള്ളത്? വല്ലതുമുണ്ടെങ്കില്‍ ആ അശുദ്ധിയിലൂടെയല്ലേ എന്റെ പിറവി? മുറിഞ്ഞടര്‍ന്ന പൊക്കിള്‍ക്കൊടിയുടെ പാട് നിത്യസ്മാരകമുദ്രയായി മരണംവരെ ഉടലിലില്ലേ? എത്ര മായ്ച്ചാലും അതും മായുമോ?
മതാതീതമായ ആത്മാനുഭവമാണ് ശബരിമല പ്രദാനം ചെയ്യുന്നത്. സമത്വബോധത്തിന്റെ വെളിച്ചത്തില്‍ കാമക്രോധങ്ങളുടെ ഇരുളകലുന്ന അനുഭൂതി. ഇതിനെ ഹൈജാക് ചെയ്ത് സാമ്പ്രദായികവും വര്‍ണ്ണാശ്രമബോധബദ്ധവും ആചാരദൂഷിതവുമാക്കാന്‍ ആരെയും അനുവദിക്കാതിരിക്കുന്നതാണ് ശരി- ലേഖനത്തില്‍ പറയുന്നു.
(സി രാധാകൃഷ്ണന്‍ എഴുതിയ ലേഖനം ഈ ലക്കം മലയാളം വാരികയില്‍)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates