Kerala

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടത് പകയായി ; അനാശാസ്യത്തിന് അറസ്റ്റിലുമായി ;'ലാസ്റ്റ് സീന്‍ തിയറി'യില്‍ ഷൈലജയെ കുരുക്കി പ്രോസിക്യൂഷന്‍

വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഷൈലജയുടെ വിശദീകരണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : പുതുക്കാട് പാഴായിയില്‍ നാലുവയസ്സുകാരി മേബ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ ഷൈലജയുടെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും. 2016 ഒക്ടോബര്‍ 13നായിരുന്നു രഞ്ജിത്തിന്റെയും നീഷ്മയുടെയും മകളായ നാലുവയസ്സുകാരി മേബ കൊല്ലപ്പെടുന്നത്. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ മേബ അപ്രത്യക്ഷമാകുകയായിരുന്നു. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പമാണെന്നതായിരുന്നു സംശയം അവരിലേക്ക് നീണ്ടത്.

വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഷൈലജയുടെ വിശദീകരണം. മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിശദീകരണത്തില്‍ പന്തികേടു തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തുവന്നത്.

മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. കട്ടത് ഷൈലജയാണെന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. അതോടെ കുടുംബ വീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഇതു ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരിലാണ് പിന്നീട് ഷൈലജ ഈ വീട്ടിലെത്തുന്നത്.

മേബയുടെ മാതാപിതാക്കളെ കണ്ടതോടെ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം, ആരുമറിയാതെ കുട്ടിയെ വീടിന് പിന്നിലെ പുഴയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തെത്തി കുഞ്ഞിനെ തിരക്കിയപ്പോള്‍ ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുന്‍പില്‍ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയില്‍ നിരപരാധിയാണെന്ന് പറഞ്ഞു.

മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും, നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. എഫ്‌ഐആറില്‍ ആദ്യ മൊഴി നല്‍കിയ, കേസിലെ പ്രധാന സാക്ഷി കൂടിയായ കുട്ടിയുടെ അച്ഛന്‍ രഞ്ജിത്തിനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കുകയായിരുന്നു. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കൊലക്കേസില്‍ മൊഴി നല്‍കുന്നത് അപൂര്‍വമായിരുന്നു.

മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ഷൈലജയോടൊപ്പമാണെന്ന മൊഴിയാണ് വഴിത്തിരിവായത്. ഇതോടെ നിയമപരമായി കുറ്റം തെളിയിക്കാന്‍ 'ലാസ്റ്റ് സീന്‍ തിയറി' എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റി. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഷൈലജയുടെ ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT