കൊച്ചി: കൊറോണ വ്യാപനം ചെറുക്കാനായി നടപ്പാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇല്ലാതായ പൊതു ഇടങ്ങള്‍ തുറക്കണമെന്ന ആവശ്യവുമായി മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍. അവസാനത്തെ മൈക്ക് കിട്ടിയത് മുപ്പത് ദിവസം മുന്‍പായിരുന്നെന്നും വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാണെന്നും സെബാസ്റ്റ്യന്‍ പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നമുക്ക് നഷ്ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങള്‍ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവുമെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറിച്ചു.
അതേസമയം, സെബാസ്റ്റ്യന്‍ പോളിന് അതേ പോസ്റ്റില്‍ തന്നെ മറുപടിയുമായി എത്തിയിരിക്കയാണ് മകനും അഭിഭാഷകനുമായ റോണ്‍ സെബാസ്റ്റിയന്‍. സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അല്ലാതെ വ്യക്തികള്‍ക്ക് മൈക്കിന് മുന്നില്‍ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ലെന്നും റോണ്‍ പോസ്റ്റില്‍ കമന്റ് ചെയ്തു.
തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങള്‍ കാല്‍നടയായി നൂറു കണക്കിന് കിലോ മീറ്ററുകള്‍ താണ്ടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളതെന്ന് റോണ്‍ ചോദിക്കുന്നു. അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാന്‍ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നിട്ടുള്ളവര്‍ ചെയ്യേണ്ടതെന്നും റോണ്‍ വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates