മലപ്പുറം : ബാർ കോഴ ആരോപണ വിധേയനായ കെ എം മാണി ബജറ്റ് അവതരിപ്പിച്ചത് തടഞ്ഞ സംഭവത്തിൽ മന്ത്രി കെടി ജലീലിന്റെ മാപ്പപേക്ഷ വിവാദത്തിൽ. നിയമസഭയിൽ നടന്ന സംഭവങ്ങളിൽ സിപിഎമ്മും എൽഡിഎഫും ഇതുവരെ നിലപാട് മാറ്റാത്തപ്പോഴാണ്, മാപ്പപേക്ഷയുമായി മന്ത്രി കെടി ജലീലിന്റെ രംഗപ്രവേശം. എടപ്പാളിൽ അധ്യാപകർക്കായുള്ള ഏകദിന ശിൽപശാലയിലായിരുന്നു ജലീലിന്റെ ക്ഷമാപണം.
സ്പീക്കറുടെ വേദി തകർത്തത് അടക്കമുള്ള സംഭവത്തിൽ അധ്യാപകനായ താൻ പങ്കെടുത്തതിൽ അധ്യാപകസമൂഹത്തോടും വിദ്യാർഥികളോടും ആത്മാർഥമായി മാപ്പ് അപേക്ഷിക്കുന്നു. ‘അധ്യാപകൻ എന്നനിലയിൽ ഏറ്റവും അധികം ദുഃഖിപ്പിച്ച സംഭവം ആയിരുന്നു അത്.... അധ്യാപകനായ ജനപ്രതിനിധിക്ക് എല്ലാറ്റിനും നിയന്ത്രണരേഖയുണ്ട്. അതിനപ്പുറം കടന്നതിലുള്ള പശ്ചാത്താപം മൂലമാണ് ക്ഷമാപണം നടത്തുന്നതെന്നും ജലീൽ അഭിപ്രായപ്പെട്ടിരുന്നു.
കെ എം മാണിയുടെ ബജറ്റ് അവതരണം അലങ്കോലമാക്കുന്നതിനായി സ്പീക്കറുടെ ചേംബറിൽ കയറി അതിക്രമം കാണിച്ചതിന് കെടി ജലീൽ, ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി, കെ. കുഞ്ഞമ്മത്, കെ. അജിത് എന്നിവർക്കെതിരെ യുഡിഎഫ് സർക്കാർ കേസെടുത്തിരുന്നു. ഇതിൽ വി ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കുന്നത് സർക്കാർ പരിഗണിക്കുന്നതിനിടെയാണ് മന്ത്രിയുടെ മാപ്പപേക്ഷ.
അതിനിടെ ജലീലിന്റെ മാപ്പപേക്ഷയ്ക്കെതിരെ സിപിഎം നേതൃത്വം രംഗത്തെത്തി. ആരോപണവിധേയനായ മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുക എന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയനിലപാടായിരുന്നുവെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സിപിഎം നിലപാടിൽ മാറ്റം വന്നിട്ടില്ല. എൽ.ഡി.എഫിന്റെ ഏറ്റവും വലിയ പോരാട്ടമായി മാറിയ സമരമാണ് അതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
36 വർഷം താനും അധ്യാപകനായിരുന്നു. സിപി.എമ്മും എൽ.ഡി.എഫും മാറ്റിപ്പറയാത്തിടത്തോളം, തങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കേസിലെ മറ്റൊരു പ്രതിയായ സിപിഎം നേതാവ് കെ കെ കുഞ്ഞമ്മത് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates