തിരുവനന്തപുരം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും പുതിയ അഭിഭാഷകനെ കൊണ്ടുവരുന്നു. മനീന്ദര്‍ സിങിനെയാണ് സര്‍ക്കാര്‍ പുതുതായി നിയോഗിച്ചിരിക്കുന്നത്. പുതിയ അഭിഭാഷകനായ മനീന്ദര്‍ സിങ്ങിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒപ്പമെത്തുന്ന സഹായിക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.
മകനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ വാദിക്കാനാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നും പുതിയ അഭിഭാഷകനെ ഇറക്കുന്നത്. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന അഭിഭാഷകന് സര്‍ക്കാര്‍ 25 ലക്ഷം രൂപ കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.
വാദത്തിനിടെ സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തിരിച്ചടി ആയതോടെയാണ് പകരം മറ്റൊരു അഭിഭാഷകനെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതോടെ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി തേടിയുള്ള അച്ഛന്റെ ഹര്‍ജിയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപയായി. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവു വേറെയും.
കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും ഫെബ്രുവരി 17നാണ് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്കു കൈമാറി ഉത്തരവായി. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനാണ് സര്‍ക്കാര്‍ പണം ചെലവിടുന്നത്.
നാലു ലക്ഷം രൂപയ്ക്കു വീടു വച്ചു നല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിക്കുവേണ്ടി പരിഗണിച്ചാല്‍ പെരിയ കേസ് വാദത്തിനായി സര്‍ക്കാര്‍ ചെലവാക്കുന്ന പണംകൊണ്ട് 11 വീടുകള്‍ നിര്‍മിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിനു വേണ്ടി കേസ് വാദിക്കാന്‍ 78 മുതിര്‍ന്ന അഭിഭാഷകരെ ശമ്പളം നല്‍കി നിയോഗിച്ചിരിക്കെയാണ് ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത്. ഒറ്റമുറി ഓലപ്പുരയില്‍ കഴിഞ്ഞ കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ വീടു നിര്‍മിച്ചു നല്‍കിയതിന് ചെലവായത് 19 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ ഡല്‍ഹിയിലെ അഭിഭാഷകര്‍ക്ക് അനുവദിച്ച പണമുണ്ടെങ്കില്‍ ഇതുപോലെ രണ്ട് വീടു നിര്‍മിക്കാമെന്നും പ്രതിപക്ഷം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates