ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആരിഫ് തോറ്റാല്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ നിന്ന് കെസി വേണുഗോപാല്‍ പിന്‍മാറിയത് എട്ടുനിലയില്‍ തോല്‍ക്കുമെന്നത് കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവസമുദായത്തെ എല്ലാ തരത്തിലും ദ്രോഹിച്ചവരാണ് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഈഴവര്‍ക്ക് നാല്‍പ്പത്തിനാല് ശതമാനം വോട്ടുള്ള മണ്ഡലമാണ് ആലപ്പുഴ. അടൂര്‍ പ്രകാശ് ആലപ്പുഴയില്‍ മത്സരിക്കാന്‍ വരുന്ന തീരുമാനം ആത്മഹത്യാപരമാണ്. ഈഴവ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോണ്‍ഗ്രസുകാരന് വിജയിക്കാമെന്ന കോണ്‍ഗ്രസ് തന്ത്രം ആലപ്പുഴയില്‍ നടക്കില്ല. ആരിഫിനെ വര്‍ഷങ്ങളായി അറിയാം. എന്റെ പിന്തുണയല്ല, ജനങ്ങളുടെ പിന്തുണയാണ് ആരിഫിന് ഉള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആരിഫിനെതിരെ ആര് സ്ഥാനാര്‍ത്ഥിയായാലും ആനയോട് എലി മത്സരിക്കുന്ന പോലെയാകും. പിന്നെ അല്‍പമെങ്കിലും വോട്ട് നേടാന്‍ കഴിയുക കെസി വേണുഗോപാലിനാണ്. എ്ന്നാല്‍ വിജയിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. ആരും ജയിക്കുമെന്ന് പ്രവചിക്കാനാകില്ല. മിസോറാമില്‍ നിന്ന് ഗവര്‍ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് വിജയിക്കാമെന്ന കണക്ക് കൂട്ടലിലാണ്. ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന സാധാരണക്കാരനാണ് കുമ്മനം. കാഷായ വസ്ത്രം ധരിക്കാത്ത സന്യാസിയെന്ന് അ്‌ദ്ദേഹത്തെ വിളിക്കാം. തരൂര്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണ്. അറിവുള്ളവനാണ്. എന്നാല്‍ സാധാരണക്കാരുടെ ഇടയില്‍ അത്ര സ്വാധീനം ചെലുത്താന്‍ കഴിയില്ല. മണ്ഡലത്തില്‍ വല്ലപ്പോഴും വന്നു പോകുന്ന ആളാണ്. മുഴുവന്‍ സമയവും ഡല്‍ഹിയിലാണ്. എംപി എന്ന നിലയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ എതിര്‍ സ്്ഥാനാര്‍ത്ഥികളായ കുമ്മനവും ദിവാകരനും അങ്ങനെയല്ല. ശക്തമായ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കേരളത്തില്‍ ബിജെപിക്ക് അല്‍പമെങ്കിലും സാധ്യതയുള്ള മണ്ഡലം തിരുവനന്തപുരം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു
എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കരുതെന്ന തന്റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭയില്‍ മത്സരിക്കുന്ന കാര്യം തുഷാര്‍ വെള്ളാപ്പള്ളി തന്നോട് അലോചിച്ചിട്ടില്ല. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ല. അത്തരമൊരു അബദ്ധത്തില്‍ താന്‍ പെടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ പെറ്റ മക്കളെയും തന്നോളമായാല്‍ താനെന്ന് വിളിക്കണം. താനും മകനും വേറെ വേറെ വീട്ടിലാണ് താമസിക്കുന്നത്. തൃശൂരില്‍ എന്‍ഡിഎയ്ക്ക് ഒട്ടും സാധ്യതയില്ലെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates