Kerala

ആര്‍എസ്എസിനെ വിമര്‍ശിച്ചത് കുറ്റം; കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതിനുള്ള ബിജെപിയുടെ പ്രതികാര നടപടി: രമേശ് ചെന്നിത്തല

ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബിജെപി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണിത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്‌നേഹികള്‍ ഒറ്റകെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബിജെപി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണിത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാസിസ്റ്റ് രീതിയാണ്. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീര്‍ചിത്രങ്ങള്‍ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്.- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആര്‍. എസ്. എസിനെ വിമര്‍ശിച്ചത് പോലും കുറ്റമായി വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. സംഘപരിവാറിനു മുന്നില്‍ മാധ്യമങ്ങള്‍ കീഴടങ്ങണം എന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം. മാധ്യമ സ്വാതന്ത്ര്യത്തെ ഫാസിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്.

സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടന്‍ അവസാനിപ്പിക്കണം.- അദ്ദേഹം കുറിച്ചു.

ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.

കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സന്തുലിതമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ല, ഡല്‍ഹി പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് വിലക്ക്. ഈ ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്. രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നെന്നും വിവരമുണ്ട്. ഈ മറുപടി തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ