തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ അടിയറവ് പറയിപ്പിക്കുംവരെ സമരം തുടരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. അഞ്ചാം ഘട്ട സമരത്തിന്റെ സാങ്കേതികമായ പരിസമാപ്തിയാണ് ഇന്ന് ഇവിടെ കുറിക്കുന്നത്. ആറാം ഘട്ട സമരത്തിന്റെ ആരംഭം ഉടന്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലവിഷയത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി നടത്തിവരുന്ന നിരാഹാരസമര പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയെ തകര്‍ക്കാനുളള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ ലോകസമക്ഷം കൊണ്ടുവരാന്‍ ഈ സമരത്തിലുടെ തങ്ങള്‍ക്ക് സാധിച്ചു. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഒരു പക്ഷവും പിണറായി വിജയനും രാഹുല്‍ ഗാന്ധിയും നേതൃത്വം നല്‍കുന്ന അരാജകവാദികളുടെ മറുപക്ഷവും രണ്ടുചേരികളായി അണിനിരന്നിരിക്കുകയാണ്.ഈ രണ്ടു ചേരികള്‍ തമ്മിലുളള പോരാട്ടമാണ് കണ്ടുവരുന്നത്. ഈ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധിച്ചു എന്നത് ഈ സമരത്തിന്റെ വിജയമാണ്. ആ അര്‍ത്ഥത്തില്‍ ഈ സമരം പൂര്‍ണ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ആസുരശക്തികളില്‍ നിന്ന് ധാര്‍മ്മികതയോ ജനാധിപത്യമര്യാദയോ നീതിയോ തങ്ങള്‍ ആരും പ്രതീക്ഷിക്കുന്നില്ല.ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന, തീര്‍ത്ഥാടനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആസുരശക്തികളെ ജനമധ്യത്തില്‍ കൊണ്ടുവന്നിരിക്കുന്നു. ഇതിന്റെ യഥാര്‍ത്ഥ വിജയം 2019ലും 2021ലും കാണാന്‍ പോകുകയാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
ദൈവഹിതത്തിന് എതിരായിരുന്നത് കൊണ്ടാണ് ശബരിമലയില്‍ ശുദ്ധികലശം നടന്നത്. ജനഹിതത്തിന് എതിരായാണ് സിപിഎമ്മും പിണറായിയും പ്രവര്‍ത്തിച്ചത്. മറ്റൊരു ശുദ്ധികലശം നടക്കാന്‍ പോകുകയാണ്. അതോടെ മാത്രമാണ് സമരത്തിന് പരിസമാപ്തി കുറിക്കുക എന്നും കൃഷ്ണദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates