കൊല്ലം : കല്ലടയാറ്റിലെ ആർത്തലച്ചൊഴുന്ന വെള്ളപ്പാച്ചിലിൽ പെട്ട വൃദ്ധൻ ജീവൻ രക്ഷിക്കാനായി ഒരു രാത്രി മുഴുവൻ മരക്കൊമ്പിൽ പിടിച്ചു കിടന്നു. രാത്രി മുഴുവൻ ഉച്ചത്തിൽ കൂവി. സഹായത്തിനായി കേണു. ആരും കേട്ടില്ല. ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പിൽ പിടിച്ചുകിടന്ന് രാത്രി മുഴുവൻ പ്രാർഥിച്ചു. ആരെങ്കിലും വിളി കേൾക്കുമെന്ന പ്രതീക്ഷയോടെ. ഒടുവിൽ പുലർച്ചെ രക്ഷയ്ക്കായുള്ള വിളി കേട്ട് സമീപവാസികളും പിന്നെ അഗ്നിരക്ഷാസേനയുമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
മല്ലപ്പള്ളി നടുത്തോൽ കുളക്കുടി വീട്ടിൽ ജോസഫാണ് മരണത്തിന്റെ കൈയിൽ നിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്. എന്നാൽ ജീവൻ തിരിച്ചുകിട്ടിയെന്ന സത്യത്തിലേക്ക് ജോസഫ് എന്ന 63 കാരന്റെ മനസ്സ് ഇപ്പോഴും പൂർണമായി പൊരുത്തപ്പെട്ടിട്ടില്ല. പുനലൂരിലെ മൂർത്തിക്കാവ് കടവിൽ ഞായറാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു മുൻ അധ്യാപകനായ ജോസഫിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുകയറ്റം.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജോസഫ് ആറ്റിൽ വീണത്. മൂർത്തിക്കാവ് കടവിൽ കുളിക്കാനൊരുങ്ങുമ്പോഴായിരുന്നു അപകടം. കരയിൽനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ആറ്റിലേക്ക് വീഴുകയായിരുന്നു. തെന്മല ഡാം തുറന്നുവിട്ടിരുന്നതിനാൽ ആറ്റിൽ വെള്ളപ്പൊക്കവും കുത്തൊഴുക്കും ശക്തമായിരുന്നു. ജോസഫ് ആറ്റിൽ വീണത് ആരും കണ്ടില്ല. മൂന്നുതവണ മുങ്ങിയശേഷം പൊങ്ങിയപ്പോൾ ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പ് പിടിവള്ളിയായി.
രാത്രി പത്തുമണിയോടെ ആറ്റിൽ വെള്ളം വീണ്ടും കുത്തിയൊഴുകി. പിടിച്ചിരുന്ന മരത്തിന്റെ കൊമ്പ് രണ്ടായിപ്പിളർന്നു. ജോസഫ് പിടിവിട്ടില്ല. കുറ്റാക്കൂരിരുട്ടിൽ പ്രാർഥിച്ച് രാത്രി വെളുപ്പിച്ചു. പുലർച്ചെ സമീപവാസിയായ സ്ത്രീയാണ് ജോസഫിന്റെ വിളികേട്ടത്. ഇവർ അറിയിച്ചതനുസരിച്ച് നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി ഇദ്ദേഹത്തെ കരയ്ക്കെത്തിക്കുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates