തിരുവനന്തപുരം: കറവപ്പശുക്കളെയും കിടാരികളെയും വാങ്ങാലും വിൽക്കലുമൊക്കെ ഇനി എളുപ്പമാകും. ഇനി അതിനായി ഓടി നടക്കേണ്ടെന്ന് ചുരുക്കം. ഇവയുടെ ഫോട്ടോ ഫോണിൽ കണ്ടു വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രംഗത്ത്. ‘മിൽമ കൗ ബസാർ’ എന്നു പേരിട്ടിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും.
പശുവിന്റെ ഇനം, പ്രായം, എത്രാമത്തെ കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങൾ ഫോണിൽ കണ്ടു മനസിലാക്കാം. ചിത്രങ്ങളും കാണാം. ഇഷ്ടപ്പെട്ടാൽ നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം. വിശദാംശങ്ങൾ കാണാമെങ്കിലും വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല.
തൊട്ടടുത്ത പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുൻകരുതൽ. സ്വന്തമായി ഫോണില്ലാത്തവർക്ക് ക്ഷീര സംഘത്തിലെ ഫോൺ വഴിയും സേവനം ഉപയോഗപ്പെടുത്താം.
മികച്ച ഇനം പശുക്കളെ കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കുകയാണ് ലക്ഷ്യമെന്നു മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. തുടക്കത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണു സേവനം ലഭ്യമാകുക. ക്രമേണ കേരളം മുഴുവൻ വ്യാപിപ്പിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates