കൊച്ചി: ചെങ്ങന്നൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിക്കാന്‍ പോകുന്ന ഇടത്താവള സമുച്ചയവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദേശിച്ചുള്ളതാണെന്ന് കുമ്മനം കുറ്റപ്പെടുത്തി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന കടകംപള്ളിയുടെ നിലപാട് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ?. കേന്ദ്രപൊതുമേഖലാ സ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പങ്കാളിത്തം?. ദേവസ്വം കമ്മീഷണര്‍ ഒപ്പിടുന്ന കരാറിന്റെ പിതൃത്വം സംസ്ഥാന സര്‍ക്കാരിനാണെങ്കില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഒപ്പിടുന്ന കരാറിന് ആര്‍ക്കാണ് അവകാശമുള്ളതെന്ന് കടകംപള്ളി പറയണം - കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
30 വര്‍ഷത്തെ പാട്ടക്കാലാവധിയിലാണ് ദേവസ്വം വകുപ്പ് പെട്രോള്‍ പമ്പ് പണിയാന്‍ എണ്ണക്കമ്പനികള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നത്. ചെങ്ങന്നുരിന് പകരമായി നല്‍കുന്ന വണ്ടാനത്തെ ഭൂമി വില അനുസരിച്ച് 4.12 കോടി രൂപയാണ് പാട്ടം ഇനത്തില്‍ എണ്ണക്കമ്പനി ദേവസ്വത്തിന് നല്‍കേണ്ടത്. എന്നാല്‍ കമ്പനി ഇവിടെ ചെലവഴിക്കുന്നത് 10 കോടിയാണ്. കേരളത്തില്‍ മൊത്തം 11 ഇടത്താവളങ്ങള്‍ക്കായി പാട്ടം ഇനത്തില്‍ 41.87 കോടി രൂപ മാത്രമേ കമ്പനി ചെലവഴിക്കേണ്ടതുള്ളൂ. എന്നാല്‍ 86.82 കോടിയാണ് കേന്ദ്ര കമ്പനിയുടെ മുതല്‍ മുടക്ക്. ഈ ഇടപാടില്‍ എന്താണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അനുവദിക്കുന്ന സൗജന്യം?- കുമ്മനം ചോദിച്ചു.
അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. കേന്ദ്രസ്ഥാപനങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത് സമ്മതിക്കാനുള്ള മര്യാദ കാണിക്കാത്തതിന് കാരണം താങ്കളുടെ ദുരഭിമാനം മാത്രമാണ് - കുമ്മനം കുറിച്ചു.
കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'ആരാന്റെ പന്തിയിലെ വിളമ്പ്' എന്നൊരു പ്രയോഗം ദേവസ്വംമന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ കേള്‍ക്കാതിരിന്നിട്ടുണ്ടാവില്ല. 
ഇതാണ് ചെങ്ങന്നൂരില്‍ കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികള്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഇടത്താവള സമുച്ചയത്തിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. 2018 മാര്‍ച്ച് 20 ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണും ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് ക്ഷേത്രഭൂമിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഇടത്താവള സമുച്ചയം പണിയാന്‍ ധാരണയായത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കാളിത്തവും ഇല്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്യേശിച്ചുള്ളതാണ്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്ന കടകംപള്ളിയുടെ നിലപാട് യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ?. കേന്ദ്രപൊതുമേഖലാ സ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് പങ്കാളിത്തം?. ദേവസ്വം കമ്മീഷണര്‍ ഒപ്പിടുന്ന കരാറിന്റെ പിതൃത്വം സംസ്ഥാന സര്‍ക്കാരിനാണെങ്കില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഒപ്പിടുന്ന കരാറിന് ആര്‍ക്കാണ് അവകാശമുള്ളതെന്ന് കടകംപള്ളി പറയണം. ഇവിടെയാണ് ഞാന്‍ ആദ്യം ചൂണ്ടിക്കാണിച്ച ചോറൂണിന്റെ കഥ പ്രസക്തമാകുന്നത്.
കരാര്‍ അനുസരിച്ച് കെട്ടിടം പണിയുന്നതിനുള്ള ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത് കേന്ദ്ര കമ്പനികളാണ്. അതായത് സംസ്ഥാന സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ പണമില്ലാത്തതിനാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം പണം മുടക്കുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരിന് കീഴില്‍ നൂറോളം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് കേന്ദ്ര സര്‍ക്കാരിനെ ഇതിന് ആശ്രയിക്കുന്നത്?. കാരണം കൈയിട്ടുവാരി വിഴുങ്ങി നിങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ അഷ്ടിക്ക് വകയില്ലാത്ത ഗതിയിലാക്കി. കേരളത്തിലെ ഏതെങ്കിലും ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇത്രയും പണം മുടക്കാന്‍ ഗതിയുണ്ടോ ശ്രീ.കടകംപള്ളി സുരേന്ദ്രന്‍? 
അതു പോകട്ടെ ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് കോടികള്‍ വരുമാനമുണ്ടാക്കുന്ന ദേവസ്വം ബോര്‍ഡിന്റെ ധാര്‍മ്മിക ബാധ്യതയല്ലേ? അത് നിറവേറ്റാന്‍ എന്താണ് തടസ്സമെന്ന് അങ്ങ് വിശദീകരിക്കണം.
താങ്കള്‍ ഭരിച്ചതും ഇപ്പോള്‍ ഭരിക്കുന്നതുമായ വകുപ്പുകളുടെ കീഴില്‍ നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉണ്ടല്ലോ?. അവയിലെതെങ്കിലും ഒന്നിന് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാനുള്ള ഗതിയുണ്ടോ?. KSRTCയെ ഭരിച്ച് മുടിച്ച് ഇന്ന് ഈ കാണുന്ന കോലത്തിലാക്കിയത് താങ്കളുടെ സഹപ്രവര്‍ത്തകരാണ്. 
ആയ കാലത്ത് എല്ലുമുറിയെ പണിയെടുത്ത തൊഴിലാളിക്ക് നിങ്ങള്‍ തിരികെ നല്‍കിയത് പട്ടിണിയും പരിവട്ടവും മാത്രമാണ്.
ശബരിമല സീസണില്‍ മാത്രം ലാഭത്തിലാകുന്ന ഗടഞഠഇക്ക് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ എന്തേ കഴിയാതെ പോയി? ശബരിമല സീസണില്‍ മാത്രം 10,000 കോടി രൂപയുടെ റവന്യൂ വരുമാനം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് താങ്കളുടെ സഹപ്രവര്‍ത്തകനായ പഴയ ദേവസ്വം മന്ത്രി ജി സുധാകരനാണ്. ഇതിന് പുറമേയാണ് വൈദ്യുത വകുപ്പിനും ടൂറിസം വകുപ്പിനും ഉണ്ടാകുന്ന വരുമാനം. ഇവര്‍ക്കൊന്നും ഇത്തരമൊരു ഇടത്താവളം പണിത് ഭക്തന്‍മാര്‍ക്ക് നല്‍കണമെന്ന് തോന്നാഞ്ഞത് എന്തുകൊണ്ടാണ്.
ഇനി കാര്യത്തിലേക്ക് വരാം.30 വര്‍ഷത്തെ പാട്ടക്കാലാവധിയിലാണ് ദേവസ്വം വകുപ്പ് പെട്രോള്‍ പമ്പ് പണിയാന്‍ എണ്ണക്കമ്പനികള്‍ക്ക് ഭൂമി വിട്ടു നല്‍കുന്നത്. ചെങ്ങന്നുരിന് പകരമായി നല്‍കുന്ന വണ്ടാനത്തെ ഭൂമി വില അനുസരിച്ച് 4.12 കോടി രൂപയാണ് പാട്ടം ഇനത്തില്‍ എണ്ണക്കമ്പനി ദേവസ്വത്തിന് നല്‍കേണ്ടത്. എന്നാല്‍ കമ്പനി ഇവിടെ ചെലവഴിക്കുന്നത് 10 കോടിയാണ്. കേരളത്തില്‍ മൊത്തം 11 ഇടത്താവളങ്ങള്‍ക്കായി പാട്ടം ഇനത്തില്‍ 41.87 കോടി രൂപ മാത്രമേ കമ്പനി ചെലവഴിക്കേണ്ടതുള്ളൂ. എന്നാല്‍ 86.82 കോടിയാണ് കേന്ദ്ര കമ്പനിയുടെ മുതല്‍ മുടക്ക്. ഈ ഇടപാടില്‍ എന്താണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും അനുവദിക്കുന്ന സൗജന്യം?.
അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. കേന്ദ്രസ്ഥാപനങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച് തന്നെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത് സമ്മതിക്കാനുള്ള മര്യാദ കാണിക്കാത്തതിന് കാരണം താങ്കളുടെ ദുരഭിമാനം മാത്രമാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് കൈനീട്ടി പണം ചോദിച്ചു വാങ്ങുക, പിന്നീട് അവരെ ഭര്‍ത്സിക്കുക. ഈ നയം താങ്കളേപ്പോലെ മാന്യനായ ഒരു വ്യക്തിക്ക് ചേര്‍ന്നതാണോ എന്ന് കടകംപള്ളി ചിന്തിക്കണം. അതിനാല്‍ താങ്കള്‍ നടത്തിയ 'എട്ടുകാലി മമ്മൂഞ്ഞ്' പ്രയോഗം താങ്കള്‍ക്ക് തന്നെയാണ് ചേരുന്നതെന്ന് മനസ്സിലായിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates