കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി. വിഎം സുധീരന്‍ പത്ത് വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനുമായി ബന്ധപ്പെട്ടാണ് വിഎം സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാകുന്നത്. വിഎം സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇല്ലാതാക്കിയാളാണ് വിഎം സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന ആളാണ് സുധീരന്‍. ആ കാപട്യം ഈ നാട്ടിലെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് കരുതരുതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
അതേസമയം താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വീക്ഷണം പത്രത്തിന്റെ മുഖപ്രസംഗത്തെ അബ്ദുള്ളക്കുട്ടി തള്ളി. ബിജെപിയിലേക്ക് പോകുന്നത് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വീക്ഷണത്തിലെ മുഖപ്രസംഗം ഞെട്ടലുണ്ടാക്കിയെന്നുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ഇന്ദിരാ ഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്ന് പറഞ്ഞ പാര്‍ട്ടി വിട്ട് അപ്പുറം പോയി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ നുണഞ്ഞവരാണ് ഇപ്പോള്‍ തനിക്കെതിരെ എഡിറ്റോറിയല്‍ എഴുതിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തന്റെ പോസ്റ്റുകള്‍ വരികള്‍ക്കിടയില്‍ വായിക്കണം. തന്റെ പോസ്റ്റില്‍ മോദിയെക്കാളേറെ പുകഴ്ത്തിയത് ഗാന്ധിയെയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ട് വിഎം സുധീരനൊക്കെ കോണ്‍ഗ്രസില്‍ തുടരുന്നതിനാല്‍ താനും കോണ്‍ഗ്രസില്‍ തുടരും. പിണറായി വിജയന്റെ വികസനത്തെയും അഭിനന്ദിച്ചിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് താന്‍ അവതരിപ്പിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ ആണോ എന്ന കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോട് പോയി ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നാണ്് കോണ്‍ഗ്രസ് മുഖപത്രം കുറ്റപ്പെടുത്തിയത്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹമെന്നും വീക്ഷണം എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബിജെപിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടനപക്ഷി പോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറുക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു
കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബിജെപിയില്‍ താമര പൂക്കുന്ന വസന്തമാണെന്നും മനസ്സിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ഒരിക്കല്‍ വേലി ചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടക്കും. അതേപോലെയാണ് അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോഡ് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. ഇത്തരം ജീര്‍ണതകളെ പേറിനടക്കുന്ന കോണ്‍ഗ്രസിന് എത്രയും വേഗം അവറ്റകളുടെ പിരിഞ്ഞുപോകലിന് അവസരമുണ്ടാക്കുന്നതാണ് ഉത്തമം.
കോണ്‍ഗ്രസില്‍ അയാളെ തുടരാന്‍ അനുവദിക്കരുത്. സിപിഎമ്മില്‍ നിന്ന് തോണ്ടിയെറിഞ്ഞ അബ്ദുള്ളക്കുട്ടിക്ക് രാഷ്ട്രീയ അഭയവും രക്ഷയും നല്‍കിയ കോണ്‍ഗ്രസിനെ അയാള്‍ തിരിഞ്ഞുകൊത്തുകയാണ്. ഇത്തരം അഞ്ചാം പത്തികളെ ഇനിയും വെച്ചുപൊറുപ്പിക്കരുതെന്ന് എഡിറ്റോറിയല്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates