പറവൂര്‍: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ പി പി സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ്, എസ്‌ഐ ജി എസ് ദീപക് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.
ഒന്‍പത് പ്രതികളെ ഉള്‍പ്പെടുത്തിയ കുറ്റപത്രം പറവൂര്‍ അത്താണിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചു. സി ഐ ക്രിസ്പിന്‍ സാം, എഎസ്‌ഐമാരായ സി എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, കോണ്‍സ്റ്റബിള്‍മാരായ പി ആര്‍ ശ്രീരാജ്, ഇ ബി സുനില്‍ കുമാര്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍.
അന്യായമായി തടങ്കില്‍ വെച്ചു, കൃത്യ നിര്‍വഹണത്തില്‍ വീഴ്ച എന്നിവയുള്‍പ്പെടെ പൊലീസ് ആക്ട് പ്രകാരവും ഒന്‍പത് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ആരോപണവിധേയനായിരുന്ന എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ് സാക്ഷിപട്ടികയിലാണ്.
2018 ഏപ്രില്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. വരാപ്പുഴത്തെ ചിറയ്ക്കകത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ വരാപ്പുഴയിലുണ്ടായ ചില അക്രമണങ്ങളുമായി ബന്ധപ്പെട്ട് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പ്രത്യേകത സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ചതിന് ശേഷം ശ്രീജിത്തിനെ എസ്‌ഐ ദീപക് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായാണ് കുറ്റാരോപണം.
അടിവയറ്റിലേറ്റ മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ അറ്റുപോയ നിലയിലായിരുന്നു എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും കൃത്യസമയത്ത് ശ്രീജിത്തിന് ചികിത്സ നല്‍കിയില്ലെന്നും പറയുന്നു. ആളുമാറിയാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും പിന്നീട് വ്യക്തമായിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates