കണ്ണൂർ : പിണറായിയില്‍ കുടുംബത്തിലെ മൂന്നുപേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയുമായുള്ള കുടുംബബന്ധം തകർന്നത് അവളുടെ വഴിവിട്ടപോക്ക് കാരണമെന്ന് മുൻ ഭർത്താവ്. അന്വേഷണ സംഘത്തോടാണ് സൗമ്യയുടെ മുൻ ഭർത്താവായ കോട്ടയം സ്വദേശി കിഷോർ വിവാഹബന്ധം തകർന്നതിനെക്കുറിച്ച് വിശദീകരിച്ചത്. ഒന്നിച്ചു കഴിയുന്നതിനിടയില്‍ ഒരുതവണ സൗമ്യ ഒളിച്ചോടിയിരുന്നു.
കിഷോർ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന സൗമ്യയുടെ മൊഴിയും അദ്ദേഹം നിഷേധിച്ചു. അവൾ തന്നെയാണ് വിഷം കഴിച്ചത്, താൻ കൊടുത്തിട്ടില്ല. കോട്ടയത്തെ വീട്ടിൽവെച്ചായിരുന്നു സംഭവം. അതിനുശേഷം ഏതാനും ദിവസം കഴിഞ്ഞ് ഒന്നിച്ചുതാമസിക്കാന്‍ താത്പര്യമില്ലെന്ന് എഴുതിവെച്ച് പിണറായിയിലെ വീട്ടിലേക്ക് വരികയായിരുന്നു. അഞ്ചു വർഷത്തിലേറെയായി സൗമ്യയുമായി ബന്ധമില്ലെന്നും കിഷോർ മൊഴിനൽകി.
മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് കുടുംബബന്ധം തകര്‍ത്തത്. ആറുവർഷം മുമ്പ് ഒന്നരവയസ്സുകാരി കീർത്തന മരിച്ചത് രോഗം പിടിപെട്ടാണ്. കാതുകുത്തിനുശേഷമാണ് കുട്ടിക്ക് അസുഖം കണ്ടുതുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നു. കുഞ്ഞിന്റെ ചികിൽസാ കാലയളവിൽ ഒപ്പമുണ്ടായിരുന്നു. കുഞ്ഞു മരിച്ചതോടെയാണ് ബന്ധം ഒഴിവാക്കിയത്. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം തോന്നിയിരുന്നെങ്കിലും കൊലപാതകം നടത്തിയിട്ടില്ലെന്നും കിഷോർ മൊഴി നൽകി.
കുഞ്ഞിന് ഗുരുതരമായ അപസ്മാര രോഗം ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന മംഗളൂരുവിൽ നിന്നുള്ള ആശുപത്രി രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മറ്റൊരു കുട്ടിയായ ഐശ്വര്യ മരിച്ചത് അറിഞ്ഞിരുന്നില്ല. ഐശ്വര്യയുടെ മരണം മൂന്നു ദിവസത്തിനുശേഷമാണ് അറിഞ്ഞത്. സൗമ്യയോ വീട്ടുകാരോ അറിയിച്ചിരുന്നില്ല. അതിനാലാണ് മൃതദേഹം കാണാൻ വരാതിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.
സൗമ്യയുടെ മുന്‍കാലചരിത്രമറിയുക ലക്ഷ്യമിട്ടാണ് മൻഭർത്താവ് കിഷോറിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.എസ്.പി. ചൈത്ര തെരേസ ജോണ്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. കിഷോറിന്റെ മൊഴി അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇന്നു വീണ്ടും ഹാജരാകണമെന്ന് അന്വേഷണസംഘം കിഷോറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സൗമ്യയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അതിനാൽ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മൂത്തമകൾ ഐശ്വര്യയുടെ കൊലപാതകത്തിൽ സൗമ്യയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates