തൃശൂര്‍ : ഒരുമാസംമുമ്പ് 'മരിച്ച'തിനെത്തുടര്‍ന്ന് ശവസംസ്‌കാരവും അടിയന്തരവുമെല്ലാം നടത്തിയ പരേതന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഞെട്ടി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് 'മരിച്ച' നടുവില്‍ക്കര വടക്കന്‍ തിലകന്‍ (58) എല്ലാവരെയും അമ്പരപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയത്.
ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് നടുവില്‍ക്കരയിലെ വീട്ടില്‍ തിലകന്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 32 വര്‍ഷംമുമ്പ് പിണങ്ങിപ്പോയ ഭാര്യ മക്കളുമൊത്ത് കൊടുങ്ങല്ലൂരിലെ വീട്ടിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ച് 25ന് പുലര്‍ച്ചെ 1.30ന് കയ്പമംഗലം കാളമുറിയില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് അജ്ഞാതന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ചാനലുകളില്‍ വാര്‍ത്ത കണ്ട വാടാനപ്പള്ളി ഗണേശമംഗലത്തുള്ള ഗോപി എന്നയാള്‍ മൃതദേഹം കണ്ട് തന്റെ ബന്ധുവായ നടുവില്‍ക്കര വടക്കന്‍ തിലകന്‍ ആണെന്ന് തിരിച്ചറിഞ്ഞു. മാര്‍ച്ച് 26ന് മൃതദേഹപരിശോധന നടത്തി നടുവില്‍ക്കരയില്‍ കൊണ്ടുവന്നു. പിന്നീട് വാടാനപ്പള്ളി പൊതുശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുകയും ചെയ്തു.
അസ്ഥി സഞ്ചയനം അടക്കമുള്ള കര്‍മ്മങ്ങളും നടത്തി. കൂലിപ്പണി ചെയ്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരനായ തിലകനെ ചാവക്കാട് കടപ്പുറത്തുനിന്ന് നഗരസഭാ അധികൃതര്‍ ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ മണത്തല സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നാണ് വീട്ടില്‍ തിരിച്ചെത്തിയതെന്ന് തിലകന്‍ പറഞ്ഞു. ഒരുമാസംമുമ്പ് 'മരിച്ച'യാള്‍ ജീവനോടെ തിരിച്ചെത്തിയതോടെ, ഇനി മരിച്ച യഥാര്‍ഥവ്യക്തിയെ കണ്ടുപിടിക്കേണ്ട ഗതികേടിലാണ് പൊലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates