തിരുവനന്തപുരം: സംസ്ഥാനത്തു രജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ ഇനി മുതൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കേന്ദ്രത്തിന്റെ ‘പരിവാഹനി’ൽ ഒടുവിൽ കേരളവും അംഗമായി. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കു വാഹൻ, ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു സാരഥി എന്നിങ്ങനെ രണ്ട് ഭാഗമാണു പോർട്ടലിലുള്ളത്.
വാഹനങ്ങളുടെ നികുതി അടയ്ക്കുക, വിൽപനയുടെ ഭാഗമായി ഉടമസ്ഥത മാറ്റുക, ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വിവിധ പെർമിറ്റുകൾ തുടങ്ങി ഏതു സേവനവും ഇനി ഈ പോർട്ടൽ വഴിയാണു ചെയ്യേണ്ടത്. നേരിട്ടു ചെയ്യാൻ പ്രയാസമുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളെയും മോട്ടർ വാഹന ഓഫീസുകളിലെ സേവന കേന്ദ്രങ്ങളെയും സമീപിക്കാമെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. സ്വന്തം വാഹനങ്ങളുടെ വിവരങ്ങൾ പോർട്ടൽ സന്ദർശിച്ചു പരിശോധിക്കാൻ ഉപയോക്താക്കൾക്കും സാധിക്കും.
സംസ്ഥാനത്തു കാസർകോട്, വയനാട് ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ മാത്രമാണു നിലവിൽ സാരഥിയിൽ ചേർത്തിരിക്കുന്നത്. ഒരു മാസത്തിനകം മുഴുവൻ ജില്ലകളിലെയും വിവരങ്ങൾ ചേർക്കും.
അതിനിടെ വിവിധ നിയമ ലംഘനങ്ങൾക്കു ചെക്ക് റിപ്പോർട്ട് നൽകി പിഴ അടയ്ക്കാത്ത വാഹനങ്ങൾക്കു വിലക്കേർപ്പെടുത്താനും ഇവയ്ക്കു തുടർ സേവനങ്ങൾ നിരസിക്കാനും ഗതാഗത കമ്മിഷണർ എല്ലാ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാർക്കും വീണ്ടും കർശന നിർദേശം നൽകി. ഇത്തരം വാഹനങ്ങൾക്കുള്ള സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടസപ്പെടുത്താനാണു മോട്ടർ വാഹന വകുപ്പിന്റെ തീരുമാനം.
പിഴത്തുക അടയ്ക്കാതെ വാഹനങ്ങളുടെ നികുതി അടയ്ക്കാനോ ഉടമസ്ഥത മാറ്റാനോ പെർമിറ്റുകൾക്ക് അപേക്ഷിക്കാനോ സാധിക്കില്ല. പഴയ വാഹനങ്ങളുടെ ഷാസിയും മറ്റും ഉപയോഗിച്ചു കൃത്രിമം വരുത്തി കള്ള നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച് ഓടുന്ന ചില വാഹനങ്ങൾ സംസ്ഥാനത്തുണ്ടെന്നു മോട്ടർ വാഹന വകുപ്പിനു വിവരമുണ്ട്. രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചാൽ ഉടമ, വാഹന മോഡൽ എന്നതുൾപ്പെടെ എല്ലാ വിവരവും ഇനി ഉടനടി ഉദ്യോഗസ്ഥർക്കു കണ്ടെത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates