സുഭാഷ് ചന്ദ്രന്‍ /ഫയല്‍ 
Kerala

ഓട്ടിസത്തിനു കാരണം സ്ത്രീകള്‍ സന്തോഷമില്ലാതെ രതിയില്‍ ഏര്‍പ്പെടുന്നതോ? സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം വിവാദത്തില്‍

ഓട്ടിസത്തിനു കാരണം സ്ത്രീകള്‍ സന്തോഷമില്ലാതെ രതിയില്‍ ഏര്‍പ്പെടുന്നതോ? സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഓട്ടിസത്തെക്കുറിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. സ്ത്രീ പൂര്‍ണ സന്തോഷമില്ലാതെയോ സ്വാതന്ത്ര്യബോധമില്ലാതെയോ ഏര്‍പ്പെടുന്ന രതിയിലൂടെയാണ് ഓട്ടിസ്റ്റിക് ആയ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നത് എന്ന അര്‍ഥത്തില്‍ ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഓട്ടിസത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതും സ്ത്രീവിരുദ്ധവുമാണ് സുഭാഷ് ചന്ദ്രന്റെ പരാമര്‍ശമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

സമുദ്രശില എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ചാനല്‍ പരിപാടിയിലാണ് സുഭാഷ് ച്ന്ദ്രന്‍ വിവാദ പരാമര്‍ശം നടത്തിയത്. സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത് എന്നായിരുന്നു സുഭാഷ് ചന്ദ്രന്‍ പറഞ്ഞത്. പരിടിയില്‍ സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ: ''സമുദ്രശില' വായിച്ചവരെല്ലാം ഫോണിലൂടെയും കത്തിലൂടെയും നേരിട്ടുമെല്ലാം ചോദിച്ചിട്ടുള്ള പ്രധാനപ്പെട്ട സംശയങ്ങളിലൊന്ന് അംബ അംബയുടെ കാമുകനുമൊത്ത് വെള്ളിയാങ്കലില്‍ പോയി ഒരു രാത്രി ഒരു പൂര്‍ണചന്ദ്രനുള്ള രാത്രി പൗര്‍ണമി ചെലവഴിച്ചു എന്ന് പറഞ്ഞ ആ സംഭവം വാസ്തവമാണോ അതോ സ്വപ്നമാണോ എന്നുള്ളതാണ്. അംബ അവളുടെ ഇഷ്ടപുരുഷനുമൊത്ത് സര്‍വതന്ത്രസ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കലില്‍ പോയി രതിലീലയില്‍ ഏര്‍പ്പെട്ടു അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള അല്ലെങ്കില് ഡൗണ്‍ സിന്റ്രോം ഉള്ള ഒരു കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം അവിടെ നമ്മള് പറയാനുദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണസന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണ് ഉണ്ടാകേണ്ടത്'

ഓട്ടിസത്തെക്കുറിച്ച് അബദ്ധജടിലമായ ധാരണകള്‍ പരത്തുന്നതാണ് സുഭാഷ് ചന്ദ്രന്റെ വാക്കുകളെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സുഭാഷ് ചന്ദ്രനെ വിമര്‍ശിച്ച് ഡോ. നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്: 

കുറെ നാള്‍ മുന്‍പ് ഒരു വ്യാജവൈദ്യന്‍ പറഞ്ഞ ഒരു ആന മണ്ടത്തരമോര്‍മിക്കുന്നു.

' ഒരു പുരുഷനും സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് സ്ത്രീ കണ്ണടയ്ക്കുകയാണെങ്കില്‍ ഉണ്ടാവുന്ന കുഞ്ഞ് അന്ധനായിരിക്കും ' എന്നായിരുന്നു അത്.

വീണ്ടുമോര്‍ക്കാന്‍ കാരണമെന്താന്നായിരിക്കും.

എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ പുതിയ നോവലിനെ പരിചയപ്പെടുത്തുന്ന വീഡിയോയില്‍ പറഞ്ഞുകേട്ട ഒരു വാചകമാണ്.

' അംബ അവളുടെ ഇഷ്ട പുരുഷനുമൊത്ത് സര്‍വതന്ത്ര സ്വാതന്ത്ര്യങ്ങളോടെയും അന്ന് വെള്ളിയാങ്കല്ലില്‍ പോയി രതിലീലയിലേര്‍പ്പെട്ടു.

അതാണ് വാസ്തവമെങ്കില്‍ അങ്ങനെ ഉണ്ടായ കുഞ്ഞ് ഓട്ടിസ്റ്റിക്കായിട്ടുള്ള , അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയായിട്ട് ജനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമില്ല.

കാരണം അവിടെ നമ്മള് പറയാന്‍ ഉദ്ദേശിച്ചതെല്ലാം റദ്ദ് ചെയ്യപ്പെടുകയാണ്. സ്ത്രീ അവളുടെ പൂര്‍ണ സന്തോഷത്തോടെയും സ്വാതന്ത്ര്യബോധത്തോടെയും അവളുടെ പ്രിയ പുരുഷനുമൊത്ത് രതിയിലേര്‍പ്പെട്ടാല്‍ ഒരു മിടുക്കനായ പുത്രന്‍ തന്നെയാണുണ്ടാവേണ്ടത് '

പറയാന്‍ ഉദ്ദേശിച്ചതെന്താന്ന് സത്യത്തില്‍ മനസിലായില്ല..എന്തായാലും ശരി.

ഓട്ടിസം എന്ന അവസ്ഥയിലൂടി കടന്നുപോവുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ നമുക്കറിയാം.

അവിടേക്കാണ് പൂര്‍ണ സന്തോഷമില്ലാതെയോ അല്ലെങ്കില്‍ ഇഷ്ടമില്ലാതെ ബന്ധപ്പെട്ടതുകൊണ്ടാണ് കുഞ്ഞുണ്ടായപ്പൊ ഓട്ടിസമുണ്ടായത് എന്ന തിയറിയുമായി...

ഒരു കുഞ്ഞിനെ മിടുക്കനെന്നോ മിടുക്കില്ലാത്തവനെന്നോ മുദ്രകുത്താനുള്ള സ്‌കെയില്‍ എന്താണെന്ന് സത്യത്തില്‍ അറിയില്ല. ഓരോ രീതിയില്‍ കഴിവുറ്റവരാണവര്‍.

കൃത്യമായി, സ്ഥിരമായി വിദഗ്ധരുടെ സഹായത്തോടെ നല്‍കുന്ന പരിശീലനം, ഒപ്പം സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ എന്നിവയാണ് അവര്‍ക്കാവശ്യം...

രണ്ടാമത് സ്ത്രീവിരുദ്ധത... സമൂഹത്തിന്റെ സ്‌കെയില്‍ വച്ച് അളക്കുമ്പൊ കുറവുകളുണ്ടെന്ന് പൊതുജനം പറയുന്ന കുഞ്ഞുങ്ങളുടെയെല്ലാം പ്രശ്‌നങ്ങള്‍ക്ക് കാരണം സ്ത്രീകളാണെന്ന ആ ഒരു പറച്ചിലുണ്ടല്ലോ...അത്..

മനുഷ്യത്വരഹിതമെന്നതിലപ്പുറം ഒരു വിശേഷണവും പറയാന്‍ തോന്നുന്നില്ല.ഏതുതരം സാഹിത്യകാരനാണെങ്കിലും ശരി സമൂഹത്തിലുള്ള കാര്യങ്ങളെക്കുറിച്ച് പറയുമ്പൊ കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT