കൊച്ചി: കടല്‍ഭിത്തി ഉടന്‍ നിര്‍മ്മിക്കാമെന്ന കളക്ടറുടെ ഉറപ്പിന്മേല്‍ ചെല്ലാനത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. സമരക്കാരുമായി ജില്ലാകളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.ചെല്ലാനത്ത് മരിച്ച റെക്‌സന്റെ ഭാര്യയ്ക്ക് ജോലി നല്‍കും. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ധാരണയായി. ചെന്നൈ ഐഐടിയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം തീരപ്രദേശം ശക്തിപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ സമരസമിതിക്ക് ഉറപ്പുനല്‍കി. സമരത്തിന്റെ ആദ്യഘട്ടം അവസാനിച്ചുവെന്ന് വ്യക്തമാക്കിയ സമരസമിതി ഉറപ്പുകള്‍ പാലിച്ചില്ലായെങ്കില്‍ വീണ്ടും സമരമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഓഖി ചുഴലിക്കാറ്റില്‍ വീടുകള്‍ക്കൊപ്പം ചെല്ലാനം നിവാസികള്‍ക്ക് നഷ്ടമായത് രണ്ടു ജീവനുകളാണ്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ചെല്ലാനം നിവാസികള്‍ സമരത്തിലേക്ക് നീങ്ങിയത്.സര്‍ക്കാരിന്റെ നീണ്ട കാലത്തെ വാഗ്ദാനമായ കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടു മരണം വരെ സമരം ചെയ്യാന്‍ മത്സ്യതൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. സമരം ആറാം ദിവസത്തിലേക്ക് പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates