കണ്ണൂര്‍ : കണ്ണൂര്‍ തയ്യില്‍ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കുട്ടിയുടെ തല കരിങ്കല്ലിലോ മറ്റോ ഇടിച്ച് മരണം ഉറപ്പാക്കിയ ശേഷം കടലില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
കണ്ണൂര്‍ തയ്യില്‍ കൂര്‍മ്പക്കാവിന് സമീപം ശരണ്യയുടെയും വാരം സ്വദേശി കൊടുവള്ളി ഹൗസില്‍ പ്രണവിന്റെയും മകന്‍ ഒന്നരവയസ്സുള്ള പൊന്നൂസ് എന്നുവിളിക്കുന്ന വിയാന്റെ മൃതശരീരമാണ് കടല്‍ തീരത്ത് കണ്ടെത്തിയത്. സംഭവത്തില്‍ സംശയ നിഴലിലുള്ള കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയിലാണ്. താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം ഇരുവരും പരസ്പരം കുറ്റം ചാരുന്നുമുണ്ട്. ബന്ധുക്കളും നാട്ടുകാരും കുട്ടിയുടെ അച്ഛനാകും കൊല നടത്തിയതെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.
പ്രതി ആരാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കുമെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്. പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. അതിനാല്‍ പ്രതികളുടെ വസ്ത്രത്തില്‍ കടലിലെ ഉപ്പുവെള്ളം പറ്റിയിട്ടുണ്ടാകും. ഇത് തിരിച്ചറിയാനായി മാതാപിതാക്കളുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മാതാപിതാക്കളോടൊപ്പം രാത്രി കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞിനെ വീടിനുസമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരയടിച്ചുകയറാതിരിക്കാന്‍ കരയോടുചേര്‍ന്ന് കൂട്ടിയ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. രാത്രി വൈകി കുഞ്ഞിന് പാല്‍കൊടുത്തിരുന്നതായും, പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്നും ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നാണ് പ്രണവിന്റെ മൊഴി. കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂര്‍ സിറ്റി സ്‌റ്റേഷനില്‍ പരാതിനല്‍കിയിരുന്നു.
പരാതിയില്‍ കേസെടുത്ത പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലാകുകയായിരുന്നു. പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. ഞായറാഴ്ച രാത്രിയും ഇവര്‍തമ്മില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates