Kerala

ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി ബിജെപി 

മാര്‍ച്ചില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കരുണ സംഗീതനിശ നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ആഷിഖ് അബുവിന്റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ഹൈക്കോടതി ജങ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, വിഎന്‍ വിജയന്‍, സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

പരിപാടിയുടെ പേരില്‍ നടന്ന സാമ്പത്തിക അഴിമതി പുറത്തുകൊണ്ടവരണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നേതാവ് ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി കളക്ടര്‍ പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കരുണ സംഗീത നിശയുടെ ഭാരവാഹികളെ പൊലിസ് ചോദ്യം ചെയ്തിരന്നു. 

ബുധനാഴ്ച വൈകീട്ട് പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ രംഗത്തെത്തി. പരിപാടി സാമ്പത്തികമായി പരാജയമായിരുന്നുവെന്ന് ഫൗണ്ടേഷന്‍ നേതൃത്വം അറിയിച്ചു. ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത  വീഡിയോയിലാണ് വിശദീകരണം. 

ബിജിബാല്‍, ആഷിഖ് അബു, ഷഹബാസ് അമന്‍, സിത്താര, ശ്യാം പുഷ്‌കരന്‍, മധു സി.നാരായണന്‍, കെഎം മധു എന്നിവരാണ് വീഡിയോയില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തുവന്നത്. കണക്കുകളെല്ലാം ഡോക്യുമെന്റായി  ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

ടിക്കറ്റ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സാമ്പത്തികമായി പരിപാടി പരാജയപ്പെട്ടു. വേണ്ടത്ര തുക ടിക്കറ്റ് വിറ്റ ഇനത്തില്‍ ലഭിച്ചില്ല. എങ്കിലും മാനസികമായി സംഗീതജ്ഞരായ എല്ലാവര്‍ക്കും നല്ലൊരു അനുഭവമായിരുന്നു സംഗീതനിശയെന്ന് ബിജിബാല്‍ പറയുന്നു. പ്രതിഫലം വാങ്ങാതെയാണ് എല്ലാ സംഗീതജ്ഞരും പാടാന്‍ എത്തിയതെന്നും ബിജിബാല്‍ പറഞ്ഞു.

ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ 908 ടിക്കറ്റുകളാണ് ആകെ വിറ്റത്. 500, 1500, 2500, 5000 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. പരിപാടി നടന്ന ദിവസം വൈകിട്ട് 39,000 രൂപയുടെ ടിക്കറ്റ് മാത്രമാണ് കൗണ്ടറിലൂടെ വിറ്റത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ ലഭിച്ചത് 7,35,500 രൂപയാണ്. ടിക്കറ്റ് വിറ്റുകിട്ടിയ ആകെ തുക 7,74,500 രൂപയാണ്. ജിഎസ്ടി, പ്രളയ സെസ് തുടങ്ങിയവയെല്ലാം കുറച്ച് 6,21,936 രൂപയാണ് ടിക്കറ്റ് വിറ്റുലഭിച്ചത്. ഇത് റൗണ്ട് ചെയ്താണ് 6,22,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്നും ബിജിബാല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം