Kerala

കഴുമരം ഒരുക്കി ആരാച്ചാര്‍ കാത്തിരുന്നു; മരണത്തിന്റെ വായില്‍ നിന്നും ആന്റണി തിരിച്ചുനടന്നത് തികച്ചും നാടകീയമായി

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണി മരണത്തിന്‍രെ പിടിയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത് തീര്‍ത്തും അപ്രതീക്ഷിതമായി. ആന്റണിക്കായി കഴുമരം ഒരുക്കി; ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരും തയ്യാര്‍... എന്നാല്‍ സുപ്രിംകോടതിയിലെ അപ്രതീക്ഷിത വിധിയിലൂടെ വധശിക്ഷയില്‍ നിന്നും ആന്റണി രക്ഷപ്പെടുകയായിരുന്നു. 

പ്രോസിക്യൂഷനും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പൊതുജനവും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വിധിയിലൂടെയാണ് ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണി വധശിക്ഷയില്‍നിന്ന് രക്ഷപെടുന്നത്. മേല്‍ക്കോടതികള്‍ വധശിക്ഷ ശരിവയ്ക്കുകയും രാഷ്ട്രപതിയുടെ ദയാഹര്‍ജി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ ആന്റണിയുടെ മരണവിധി നടപ്പാകുമെന്നായിരുന്നു എല്ലാവരും കരുതിയത്. 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആന്റണിക്കായി കഴുമരം തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. മരണശിക്ഷ നടപ്പാക്കാനായി ജയില്‍ അധികൃതര്‍ ആരാച്ചാരെ കണ്ടെത്തുകയും പരിശീലനത്തിനായി തമിഴ്‌നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. അതോടെ വധശിക്ഷയുടെ തീയതി മാത്രം തീരുമാനിച്ചാല്‍ മതിയെന്ന നിലയില്‍ കാര്യങ്ങളെത്തി. അവസാനപരിശ്രമം എന്ന നിലയിലാണ് ആന്റണിയുടെ അഭിഭാഷകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.  

2014ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ആര്‍.എം. ലോധയുടെ ഒരു ഉത്തരവാണ് ആന്റണിയുടെ കാര്യത്തിലും നിര്‍ണായകമായത്. വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ലോധയുടെ ഉത്തരവ്. അതോടെ ഈ ഉത്തരവിന്റെ ആനുകൂല്യം ആന്റണിക്കും നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കോടതിയെ സമീപിച്ചു. വധശിക്ഷയ്‌ക്കെതിരേ നിലകൊള്ളുന്ന കൂട്ടായ്മകളും ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച് 2016ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. പിന്നീട് പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം തുടര്‍ന്നപ്പോള്‍ ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

വധശിക്ഷ ജീവപര്യന്തമായതോടെ ആന്റണിയുടെ തടവുശിക്ഷയില്‍ ഇളവുകള്‍ക്ക് സാധ്യതകള്‍ തുറന്നു കിട്ടുകയാണെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു്. പ്രതിക്ക് പരോള്‍ അനുവദിക്കുക, ശിക്ഷാ കാലാവധിയില്‍ ഇളവുതേടുക, നല്ലനടപ്പ് പോലുള്ള മാര്‍ഗങ്ങളിലൂടെ ശിക്ഷ കുറയ്ക്കുക തുടങ്ങിയ സാധ്യതകള്‍ പ്രതിക്കു മുന്നില്‍ തുറക്കപ്പെടുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കോടതി നിയമപ്രകാരം ജീവപര്യന്തമെന്നത് ജീവിതകാലം മുഴുവന്‍ എന്നാണെങ്കിലും നിയമത്തിലെ ഇത്തരം സാധ്യതകള്‍ പ്രതി പ്രയോജനപ്പെടുത്തിയാല്‍ അതിനെ ചെറുക്കാനാകില്ലെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിബിഐ കേരളത്തില്‍ അന്വേഷിച്ച കേസുകളിലെ ആദ്യത്തെ വധശിക്ഷയായിരുന്നു ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടേത്. സിബിഐ ചെന്നൈ സ്‌പെഷ്യല്‍ ക്രൈംസ് യൂണിറ്റ് മേധാവി വെങ്കട്ടരാമന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. വി.ടി. നന്ദകുമാറും സംഘവുമാണ് അന്വേഷണം നടത്തിയത്. ശിക്ഷ വിധിച്ചത് അന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി കെമാല്‍ പാഷയാണ്. 2002 ഫെബ്രുവരി രണ്ടിനായിരുന്നു വിധി.

വീട്ടില്‍ക്കയറി നിരായുധരായ ആറുപേരെ കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവെക്കുകയായിരുന്നു. ആലുവ മാഞ്ഞൂരാന്‍ വീട്ടിലെ ആറുപേരെയാണ് 2001 ജനുവരിയില്‍ ആന്റണി കൊന്നത്. പണത്തിന് വേണ്ടി കുടുംബത്തിലെ ആറുപേരെ പ്രതിര നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്വേഷണ സംഘം എത്തുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ മുങ്ങി; പൊലീസില്‍ നിന്ന് വിവരം ചോരുന്നതായി സംശയം

തെരഞ്ഞെടുപ്പ്: ബംഗളൂരുവിലെ മലയാളികള്‍ക്ക് മൂന്നു ദിവസം ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് ഡി കെ ശിവകുമാര്‍

'എല്ലാത്തിലും ഇങ്ങനെ കുറ്റം കണ്ടുപിടിച്ചാൽ എങ്ങനെയാ? അത് അദ്ദേഹത്തിന്റെ സ്റ്റൈലിസ്റ്റാണ്'; ധനുഷിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ആരാധകർ

പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ; ഐടിഐ, സയൻസ്, എന്‍ജിനീയറിങ് ബിരുദം യോഗ്യത; ശമ്പളം 1,12,400 വരെ

ഷാഫിക്കെതിരെ പറഞ്ഞു; ഷഹനാസിനെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

SCROLL FOR NEXT