കൊച്ചി : മുഖംമൂടി സംഘം ആക്രമിച്ചെന്ന യുവതിയുടെ പരാതി നുണക്കഥയെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് വയസ്സുള്ള കുട്ടിയെ വാനില്‍ തട്ടിക്കൊണ്ട് പോയത് കണ്ടെന്നും, വഴിയില്‍ വെച്ച് തന്നെയും സംഘം ആക്രമിച്ചെന്നുമായിരുന്നു യുവതി പരാതിപ്പെട്ടത്. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടേത് കള്ളക്കഥയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കളമശ്ശേരി എന്‍എഡി ശാന്തിഗിരി സ്റ്റോപ്പില്‍ ബസ്സിറങ്ങി നടന്നുപോകുമ്പോള്‍ മൂന്നുവയസ്സുള്ള ഒരു കുട്ടി ഓടിവന്ന് തന്റെ കയ്യില്‍ പിടിച്ചെന്നും, കുട്ടിയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖം മൂടി ധരിച്ച ഒരാള്‍ വന്ന് കുട്ടിയെ എടുത്തുകൊണ്ട് പോയെന്നുമാണ് യുവതി പറഞ്ഞത്. താന്‍ വാനിന്റെ അടുത്തുചെന്ന് കുട്ടിയുടെ കാലില്‍ പിടിച്ചപ്പോള്‍ അതില്‍ ഇരുന്ന ഒരാള്‍ വടിവാളിന് മുറിവേല്‍പ്പിച്ചു എന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. സമീപവാസികളില്‍ നിന്നും വിവരം ശേഖരിച്ചു. അടുത്ത ദിവസങ്ങളില്‍ ഏതെങ്കിലും കുട്ടിയെ കാണാതായിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ വിശദമായി അന്വേഷിച്ചു. എന്നാല്‍ അങ്ങനെയൊരു സംഭവം നടന്നതായി പൊലീസിന് ഒരു സൂചനയും ലഭിച്ചില്ല.
തുടര്‍ന്ന് പരാതിക്കാരിയായ യുവതിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തില്‍, അവര്‍ക്ക് ഒരു പ്രണയമുള്ളതായി വിവരം ലഭിച്ചു. ഒടുവില്‍ കാമുകനെ തേടിപ്പിടിച്ച് ചോദ്യം ചെയ്തതോടെയാണ് മുഴുവന്‍ കള്ളിയും പൊളിഞ്ഞത്. കാമുകനുമായി വഴക്കിട്ടതിനെത്തുടര്‍ന്ന് യുവതി കൈത്തണ്ട മുറിച്ചിരുന്നു. മുറിവ് ഗുരുതരമല്ലായിരുന്നെങ്കിലും കാമുകന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ വിഷയത്തില്‍ കാമുകന് എതിരെ പ്രശ്‌നമുണ്ടാകാതിരിക്കാന്‍, യുവതിയും കാമുകനും ചേര്‍ന്ന് മെനഞ്ഞുണ്ടാക്കിയതായിരുന്നു മുഖംമൂടി ആക്രമണമെന്ന കള്ളക്കഥയെന്ന് പൊലീസിന് ബോധ്യമായി. ഒടുവില്‍ ഗത്യന്തരമില്ലാതെ യുവതിയും കഥ മെനഞ്ഞതാണെന്ന് പൊലീസിന് മുന്നില്‍ തുറന്നു സമ്മതിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates