കൊച്ചി: കോവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടി ബസ് അണുവിമുക്തമാക്കുന്നത് ഒരു പതിവ് കാര്യമാണ്. കാഴ്ചയുള്ള ഒരാളെ സംബന്ധിച്ച് അത് എളുപ്പവുമാണ്. എന്നാല്‍ കാഴ്ചയ്ക്ക് വെല്ലുവിളി നേരിടുന്ന ഒരു മനുഷ്യന്‍ അത് ചെയ്യുമ്പോള്‍ അതിന് മഹത്വമുണ്ട്.
ഹെലന്‍ കെല്ലര്‍ ദിനത്തോടനുബന്ധിച്ച് കാഴ്ച പരിമിതിയുള്ള ബിപിസിഎല്‍ ഉദ്യോഗസ്ഥനായ എം രാംകുമാര്‍ (52) ആണ് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തി 50 ബസുകള്‍ അണുവിമുക്തമാക്കിയത്. രാംകുമാറിനൊപ്പം മറ്റ് കുറച്ചു പേര്‍ കൂടി അണുവിമുക്തമാക്കുന്ന ദൗത്യലുണ്ടായിരുന്നു. എല്ലാവരും ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരാണ്. സമൂഹത്തിന് അവര്‍ പകരുന്നത് ഉജ്ജ്വലമായ സന്ദേശം കൂടിയാണ്. രാംകുമാറടക്കമുള്ള ഭിന്നശേഷിക്കാരുടേയും അവരെ പിന്തുണയ്ക്കുന്നവരുടേയും കൂട്ടായ്മയായ സമദൃഷ്ടി ക്ഷമത്വവികാസ് മണ്ഡലിന്റെ (സക്ഷമ) നേതൃത്വത്തിലായിരുന്നു ബസുകള്‍ അണുവിമുക്തമാക്കിയത്.
ഹെലന്‍ കെല്ലര്‍ ദിനത്തെ അടയാളപ്പെടുത്തുക മാത്രമല്ല രാകുമാറിനെ സംബന്ധിച്ച് ഈ സേവനം. 30 വര്‍ഷത്തെ സേവനത്തിന് ശേഷം 1986 ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച പിതാവ് പരമേശ്വര മേനോന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയായിരുന്നു അദ്ദേഹത്തിന് ആ ദൗത്യം.
ഭിന്ന ശേഷിയുള്ള ആളുകള്‍ക്ക് കെഎസ്ആര്‍ടിസി വലിയ പരിഗണനയാണ് നല്‍കാറുള്ളത്. കോര്‍പറേഷനും യാത്രക്കാരും കോവിഡ് 19മായി മല്ലിടുന്ന സമയത്ത് ഞങ്ങള്‍ക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഹെലന്‍ കെല്ലര്‍ ദിനത്തിന്റെ ഭാഗമായി ഞങ്ങള്‍ അണുനശീകരണം നടത്താനും മാസ്ക്കുകൾ വിതരണം ചെയ്യാനും തീരുമാനിച്ചത്- രാംകുമാര്‍ പറയുന്നു.
1996 മുതല്‍ ബിപിസിഎല്ലില്‍ ജോലി ചെയ്യുന്ന താന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും രാകുമാര്‍ പറയുന്നു. 250ഓളം അംഗങ്ങളുള്ള സംഘടനയാണ് സക്ഷമ. നിലവില്‍ എറണാകുളത്ത് മാത്രമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനായി സേവനം ചെയ്ത സൈനികരെ ആദരിക്കുന്ന ചടങ്ങും സംഘടന നടത്തുന്നുണ്ട്. ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാനായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും രാംകുമാര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates