Kerala

കാവ്യയുടെ ഡ്രൈവര്‍ 'ലക്ഷ്യ' മാനേജരെ 41 തവണ വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മാനേജരെ കാവ്യയുടെ ഡ്രൈവര്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ദിലീപിന് നേരത്തെ ജാമ്യം നിഷേധിച്ച സാഹചര്യങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

കേസിലെ സാക്ഷിയായ ലക്ഷ്യയുടെ മാനേജരെ കാവ്യാമാധവന്റെ ഡ്രൈവര്‍ സുധീര്‍ 41 തവണ ഫോണില്‍ വിളിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് ജയിലില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി സഹതടവുകാരനോട് പറഞ്ഞിട്ടുണ്ട്. പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷന്‍ വിജയിച്ചാല്‍ 5 കോടി രൂപ  ദിലീപിന് നേട്ടമുണ്ടാകുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു. സഹതടവുകാരനായ വിപിന്‍ ലാലിനോടാണ് സുനില്‍കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വിപിന്‍ ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു.

ക്വട്ടേഷന്‍ തുക വാങ്ങിയ ശേഷം കീഴടങ്ങാനായിരുന്നു സുനിയുടെ പദ്ധതി. എന്നാല്‍ കൂട്ടുപ്രതി നിര്‍ബന്ധിച്ചതിനാല്‍ കോടതിയില്‍ എത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ ഉള്‍പ്പെടെ പലരെയും ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നാലുപേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

കേസിലെ പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എവിടെയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇതു കണ്ടെത്തലാണ് അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്നായിരുന്നു പ്രോസിക്യൂഷന്‍ പ്രതികരണം. ഇതിനായി അന്വേഷണം തുടരുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജാമ്യം തടയാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകര്‍ ഇന്നലെ വാദിച്ചിരുന്നു. 

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാട് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവര്‍ത്തിച്ചു.  നേരത്തെ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ദിലീപിനെതിരായ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് പ്രതിഭാഗം പറഞ്ഞു. തെളിവുണ്ടെന്നു പറയുന്നതല്ലാതെ അത് എന്തൊക്കെയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിച്ചത്. 

അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ വിവരങ്ങള്‍ അറിയുകയെന്നത് പ്രതിയുടെ അവകാശമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.  


കേസുമായി ബന്ധപ്പെട്ട് താന്‍ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. അന്‍പതു കോടിയുടെ സിനിമാ പ്രൊജക്ടുകളാണ് അവതാളത്തിലായിരിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോടു ശത്രുതയുണ്ട്. ഒരു പരസ്യ കരാറുമായി ബന്ധപ്പെട്ട് താന്‍ ഇടപെടന്ന ധാരണയാണ് ഈ ശത്രുതയ്ക്ക് അടിസ്ഥാനം. ഈ കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യര്‍ക്ക് എഡിജിപി ബി സന്ധ്യയുമായി അടുത്ത ബന്ധമാണുള്ളതെന്ന് ദീലീപ് ജാമ്യഹര്‍ജിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെതിരെ 11 കേസുകളുണ്ട്. ഈ പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് പൊലീസ് തനിക്കെതിരെ അന്വേഷണം നടത്തുന്നതെന്നും ദീലിപ് പറയുന്നു.

സ്വാഭാവിക ജാമ്യത്തന് അര്‍ഹതയുണ്ട് എന്ന വാദമാണ് ഈ ജാമാ്യാപേക്ഷയിലും ദിലീപ് മുന്നോട്ടുവയ്ക്കുന്നത്. ഇതേ വാദം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. കൂട്ട ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവും ആവര്‍ത്തിച്ചിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇതിന് അറുപത് ദിവസം കഴിയുമ്പോള്‍ ജാമ്യം ലഭിക്കേണ്ടതാണെന്നുമുള്ള ദിലീപിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT