തിരുവനന്തപുരം: 2020-21 വര്‍ഷത്തെ എഞ്ചിനീയറിങ്/ഫാര്‍മസി കോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം2020 ജൂലൈ 16ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി 1,10,250 വിദ്യാര്‍ത്ഥികള്‍ കീം പരീക്ഷ എഴുതുന്നുണ്ട്.
ഏപ്രില്‍ 20, 21 തീയതികളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ജൂലൈ 16 ലേയ്ക്ക് മാറ്റിയത്. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്ട്സ്സ്‌പോട്ട് എന്നിവയ്ക്കു പുറമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കോവിഡ് 19 വ്യാപനം തടയുന്നതിനു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ടും രക്ഷകര്‍ത്താക്കളുടെ ആശങ്കകള്‍ അകറ്റിയും കുറ്റമറ്റ രീതിയില്‍ പ്രവേശന പരീക്ഷ നടത്താനിരിക്കുകയാണ്.
പരീക്ഷാ കേന്ദ്രങ്ങളിലും ബസ് സ്‌റ്റോപ്പുകളിലും ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കി സാമൂഹിക അകലം ഉറപ്പാക്കുന്നതിന് പൊലിസിന്റെ സഹായം ഉറപ്പാക്കും. പരീക്ഷയ്ക്കു മുമ്പും ശേഷവും എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നതിന് മൂവായിരത്തോളം സന്നദ്ധ സേനാ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കും. കുട്ടികളുടെ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസിങ് എന്നിവയുടെ ചുമതല അവര്‍ക്കായിരിക്കും.
ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്റൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക റൂമുകള്‍ സജ്ജീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസി പ്രത്യേകസര്‍വ്വീസ് നടത്തും. പരീക്ഷാകേന്ദ്രങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം രാവിലെയും വൈകുന്നേരവും സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. കൂടാതെ 'ബസ് ഓണ്‍ ഡിമാന്‍ഡ്' പദ്ധതിയും കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍ സ്‌പ്രെഡ് മേഖലകളില്‍ നിന്നുള്ള 70 വിദ്യാര്‍ത്ഥികള്‍ക്ക് വലിയതുറ സെന്റ് ആന്റണീസ് എച്ച്എച്ച്എസില്‍ പരീക്ഷയെഴുതാം. ഡെല്‍ഹിയിലെ പരീക്ഷാകേന്ദ്രത്തിന് അവസാന നിമിഷംവരെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫരീദാബാദ് ജെ സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പുതിയ കേന്ദ്രമായി നിശ്ചയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates