കൊച്ചി: പാഴ്സൽ ട്രെയിൻ സർവീസ് വഴി സംസ്ഥാനത്ത് അവശ്യസാധനങ്ങൾ അയക്കാൻ സംവിധാനമൊരുങ്ങി. കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയിലുള്ള ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്തി സാധനങ്ങൾ അയക്കാം. മൂന്ന് ദിവസംകൊണ്ട് ഒരു ടൺ സാധനങ്ങളാണ് ഈ മാർഗ്ഗം അയച്ചത്.
ഒരു പാഴ്സൽ വാനും ഒരു ഗാർഡ് കം ലഗേജ് റാക്കും ചേർന്ന 'കുട്ടി' ട്രെയിനാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് ആറിന് കോഴിക്കോട് എത്തും. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ വഴി കോഴിക്കോട് സർവീസ് അവസാനിക്കും. കോഴിക്കാടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
30 ടൺവരെ അയയ്ക്കാൻ കഴിയുന്ന സർവീസിലൂടെ കുറഞ്ഞത് ഒരു കിലോമുതൽ അയക്കാനാകും. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. നിലവിൽ ട്രെയിൻ വഴി അയച്ചിരുന്ന സാധനങ്ങൾക്ക് പുറമേ പാൽ, പാലുത്പന്നങ്ങൾ, മരുന്നുകൾ, മുഖാവരണം, സാനിെെറ്റസർ, എണ്ണ, മുട്ട, പഴങ്ങൾ, പച്ചക്കറി തുടങ്ങിയവയും അയയ്ക്കാം. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും ഭക്ഷ്യവസ്തുക്കൾ, ജീവൻരക്ഷാ മരുന്നുകൾ, വീട്ടുപകരണങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കയറ്റിയയച്ചത്.
ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുന്പുമുതൽ സ്റ്റേഷനിലെ പാഴ്സൽ ഓഫീസ് പ്രവർത്തിക്കും. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ സേവനം ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മുൻകരുതലോടെയാണ് പ്രവർത്തനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates