തലശ്ശേരി: കുളത്തിൽ കുളിച്ചു കയറിയ കുട്ടികൾ കൈയിലെടുത്തു നിവർത്തിയ ചുവപ്പ് ട്രൗസർ കണ്ട് ഓടിക്കൊണ്ടിരുന്ന ട്രെയിൻ പെട്ടെന്ന് നിർത്തി. ഉച്ചയ്ക്ക് 12.15ന് എടക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണു സംഭവം. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസാണ് അഞ്ച് മിനുട്ടിലേറെ എടക്കാട് നിർത്തേണ്ടി വന്നത്.
13, 14 വയസുള്ള നാല് കുട്ടികൾ വീട്ടിൽ അറിയാതെ കുളിക്കാനെത്തിയതായിരുന്നു. ഇവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു ഒന്നാം പ്ളാറ്റ്ഫോം അവസാനിക്കുന്നിടത്ത് സ്റ്റേഷന്റെ പേര് എഴുതിയ ബോർഡിനടുത്തുള്ള മരപ്പൊത്തിൽ സൂക്ഷിച്ചു. കുളി കഴിഞ്ഞു തിരിച്ചെത്തി വസ്ത്രം മാറുന്നതിനിടയിൽ ഒരാൾ ചുവപ്പ് നിറമുള്ള ട്രൗസർ കൈയിലെടുത്ത് കുടയുന്നതിനിടയിലാണ് ട്രെയിൻ കടന്നു വന്നത്.
ചുവപ്പ് തുണി ഉയർത്തുന്നതു കണ്ട് അപകട മുന്നറിയിപ്പാണെന്നു കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. വിവരമറിഞ്ഞു ആർപിഎഫ് എഎസ്ഐ ശ്രീലേഷ്, കോൺസ്റ്റബിൾ കെ സുധീർ, സ്പെഷൽ ഇന്റലിജൻസ് ബ്രാഞ്ച് അംഗം സുബീഷ് എന്നിവരെത്തി കുട്ടികളെ അന്വേഷിച്ചു കണ്ടെത്തി.
ചൈൽഡ് ലൈൻ കോ- ഓർഡിനേറ്റർ സുമേഷ് കുട്ടികളുമായി സംസാരിച്ച് സംഭവം വ്യക്തമായതിനെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. കാരണമില്ലാതെ ട്രെയിൻ നിർത്തിക്കുന്നതു ജാമ്യമില്ലാ കുറ്റമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates