ആലപ്പുഴ: കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും അശ്രദ്ധമായി നിരത്തിലിറങ്ങുന്ന ജനങ്ങളെ വീട്ടിലിരുത്താൻ നടുറോഡിൽ മുട്ടുകുത്തി ദൈവനാമത്തിൽ അഭ്യർഥനയുമായി വൈദികൻ. ജാഗ്രത കാട്ടാതെ ജനങ്ങൾ കൂട്ടംകൂടിയ സാഹചര്യത്തിലാണ് വൈദികൻ റോഡിൽ മുട്ടുകുത്തിയത്.
പള്ളിത്തോട് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ആന്റണി വാലയിലാണ് വേറിട്ട വഴിയിലൂടെ തെരുവിലിറങ്ങിയത്. 25 പേർക്കു കോവിഡ് സ്ഥിരീകരിച്ച സ്ഥലമാണ് ചേർത്തലയ്ക്ക് സമീപം കുത്തിയതോട് ഗ്രാമപ്പഞ്ചായത്തിലെ പള്ളിത്തോട് ഗ്രാമം. രോഗ വ്യാപനം തീവ്രമായ ചെല്ലാനവുമായി തൊട്ടുകിടക്കുന്ന ഇവിടെ ട്രിപ്പിൾ ലോക്ഡൗണാണ്. ജനങ്ങൾ ഭീതിയിലാണെങ്കിലും വീട്ടിലിരിക്കാതെ തെരുവിൽ കൂടുന്നതു പതിവാണ്.
പൊലീസും ആരോഗ്യ പ്രവർത്തകരും പലവിധത്തിൽ പ്രവർത്തിച്ചെങ്കിലും ഇതു തുടർന്നുകൊണ്ടേയിരുന്നു. ഇനിയും തെരുവിൽ കൂട്ടംകൂടുന്നതു തുടർന്നാൽ വലിയ വിപത്താകുമെന്നതിനാലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് ഫാ. ആന്റണി പറഞ്ഞു. ശനിയാഴ്ച വൈകീട്ട് 20 കേന്ദ്രങ്ങളിൽ അദ്ദേഹം ദൈവത്തിന്റെ ഭാഷയിൽ അഭ്യർഥനയുമായി ജനങ്ങളിലേക്കിറങ്ങി.
പൊലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അനുവാദം വാങ്ങിയായിരുന്നു മൈക്കു വഴി ദൈവനാമത്തിലുള്ള ബോധവത്കരണം. കുർബാന ശേഷമുള്ള പ്രസംഗം പോലെ ദൈവ വചനങ്ങളും രോഗ വ്യാപന സാധ്യതകളും ഭവിഷ്യത്തും നിറച്ചായിരുന്നു അഭ്യർഥന. ഇടവക വികാരിയുടെ മുട്ടുകുത്തിയുള്ള അഭ്യർഥന ഫലം കണ്ടതായാണ് പ്രാഥമിക വിലയിരുത്തൽ. ഞായറാഴ്ച പള്ളിത്തോട്ടിൽ ആൾക്കൂട്ടങ്ങൾ ഒഴിവായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates