ന്യൂഡല്‍ഹി: അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമിയായി ശോഭാ സുരേന്ദ്രന്‍ സംസ്ഥാന ബിജെപി അധ്യക്ഷപദത്തില്‍ എത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ശ്രീധരന്‍ പിള്ള മാറിയ ഒഴിവില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ ശോഭാ സുരേന്ദ്രനൊപ്പം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. സുരേഷ് ഗോപിയുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്ഥാന അധ്യക്ഷനാവാനുള്ള താത്പര്യക്കുറവ് സുരേഷ് ഗോപി അമിത് ഷായെ അറിയിച്ചെന്നാണ് സൂചനകള്‍.
കെ സുരേന്ദ്രനെ അധ്യക്ഷനായി നിയോഗിക്കുന്നതിന് കേന്ദ്ര നേതൃത്വത്തിന് താത്പര്യക്കുറവില്ല. എന്നാല്‍ അധ്യക്ഷപദത്തില്‍ ഒരു വനിത എത്തുന്നത് സംസ്ഥാനത്തു പാര്‍ട്ടിക്കു ഗുണം ചെയ്യും എന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ളത്. തമിഴ്‌നാട്ടില്‍ തമിളിശൈ സൗന്ദര്യരാജനാണ് സംസ്ഥാന അധ്യക്ഷപദത്തില്‍ ഇതുവരെ ഉണ്ടായിരുന്നത്. അവര്‍ തെലങ്കാന ഗവര്‍ണര്‍ ആയതോടെ അധ്യക്ഷപദത്തില്‍ എവിടെയും വനിതകളില്ല. ഈ സാഹചര്യവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനോളം തിളക്കമുള്ള പ്രകടനം തന്നെയാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ കാഴ്ചവച്ചതെന്നും അവരെ അനുകൂലിക്കുന്നവര്‍ പറയുന്നു.
സിനിമാ ചിത്രീകരണത്തിന്റെ തിരക്കില്‍ ആയിരുന്ന സുരേഷ് ഗോപിയെ അടിയന്തരമായി ഡല്‍ഹിക്കു വിളിപ്പിച്ചാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന അധ്യക്ഷ പദം അല്ലെങ്കില്‍ കേന്ദ്ര മന്ത്രി സ്ഥാനം എന്നീ വാഗ്ദാനങ്ങളാണ് ഷാ മുന്നോട്ടുവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷപദം ഏറ്റെടുക്കാനുള്ള വിമുഖത അപ്പോള്‍ തന്നെ സുരേഷ് ഗോപി അദ്ദേഹത്തെ അറിയിച്ചു. അതേസമയം അമിത് ഷാ എടുക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
സുരേഷ് ഗോപി വിമുഖത അറിയിച്ച സാഹചര്യത്തിലാണ് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും പേര് സജീവമായ ചര്‍ച്ചയായത്. സംസ്ഥാന ആര്‍എസ്എസിന്റെ വിവിധ നേതാക്കള്‍ ഇവരില്‍ രണ്ടു പേര്‍ക്കു വേണ്ടിയും രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുരേന്ദ്രന്‍ അധ്യക്ഷന്‍ ആവുന്നതില്‍ പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അതൃപ്തിയുണ്ട്. വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവുകയും മുരളിപക്ഷത്തുള്ള സുരേന്ദ്രന്‍ അധ്യക്ഷനാവുകയും ചെയ്യുന്നത് പാര്‍ട്ടിയെ ആ വിഭാഗത്തിന്റെ കൈപ്പിടിയില്‍ എത്തിക്കും എന്ന ആശങ്കയാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കുന്നതിനോട് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീധരന്‍ പിള്ളയ്ക്കും താത്പര്യമാണെന്നാണ് സൂചന.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി, അയോധ്യ വിധിയിലൂടെയുണ്ടാവുന്ന സവിശേഷ സാഹചര്യം എന്നിവയുടെ തിരക്ക് ഒഴിഞ്ഞതിനു ശേഷമേ സംസ്ഥാന അധ്യക്ഷപദം സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കൂ എന്നാണ് അറിയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates