Kerala

കെഎസ്ആര്‍ടിസിക്കും തീരമേഖലക്കും കൈത്താങ്ങ് ; ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും വര്‍ധിക്കും

ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി.  ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി. വിശന്നിരിക്കുന്ന ആരും ഉണ്ടാകില്ലെന്ന് മൂന്നുവര്‍ഷത്തിനകം ഉറപ്പാക്കും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : തീരമേഖലയ്ക്കും കെഎസ്ആര്‍ടിസിക്കും കൈത്താങ്ങായി ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ 1000 കോടിയുടെ ഉപാധി രഹിത സഹായമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ലാഭത്തിലാകുന്നതുവരെ ഈ സംവിധാനം തുടരും. കെഎസ്ആര്‍ടിസിയിലെ വരവും ചെലവും തമ്മിലുള്ള അന്തരം സര്‍ക്കാര്‍ നികത്തും. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിക്കും. കെഎസ്ആര്‍ടിസിക്കായി 2000 പുതിയ ബസുകള്‍ വാങ്ങും. ഇതില്‍ 1000 ബസുകള്‍ കിഫ്ബി ഫണ്ടുപയോഗിച്ച് ഉടന്‍ നിരത്തിലിറക്കും. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. 

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ തീരദേശത്തിന് മുന്‍ഗണന നല്‍കും. കിഫ്ബി പദ്ധതിയില്‍ തീരദേശക്ക് കുടുംബാരോഗ്യ പദ്ധതിആരംഭിക്കും. തീരദേശത്ത് സൗജന്യ വൈ ഫൈ സൗകര്യം. തീരദേശത്തെ ഹരിതവല്‍ക്കരണത്തിന് 150 കോടി. കിഫ്ബി പദ്ധതിയില്‍ തീരദേശത്തിന് 900 കോടി. തീരദേശ സ്‌കൂളുകളുടെ നവീകരണവും പാക്കേജില്‍. മല്‍സ്യ മേഖലയ്ക്ക് 600 കോടി ബജറ്റില്‍ വകയിരുത്തി. മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനഃസ്ഥാപിക്കും. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ കുടുംബാംഗങ്ങളുടെ ഭൂമി ക്രയവിക്രയ ചെലവ് വര്‍ധിക്കും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കൂടും, സെസ്സ് ഒഴിവാക്കി നികുതി കൂട്ടി. 400 രൂപ വരെയുള്ള വിദേശമദ്യത്തിന്റെ നികുതി 200 ശതമാനമാക്കി. 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതി ചുമത്തും. ബിയറിന്റെ നികുതി 70 ശതമാനത്തില്‍ നിന്ന് 100 ശതമാനമാക്കും. അതേസമയം സാമൂഹിക ക്ഷേപ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ല. 

ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി അനുവദിച്ചു. 4,21,000 ഭവനരഹിതര്‍ക്ക് 4 ലക്ഷം രൂപയുടെ വീട് നിര്‍മ്മിക്കും. ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി. വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി; വിശന്നിരിക്കുന്ന ആരും കേരളത്തില്‍ ഉണ്ടാകില്ലെന്ന് മൂന്നുവര്‍ഷത്തിനകം ഉറപ്പാക്കും. വിപണി ഇടപെടലിന് 260 കോടി. തെരഞ്ഞെടുത്ത റേഷന്‍ കടകള്‍ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളാക്കും. കുടുംബശ്രീക്ക് 200 കോടി വകയിരുത്തി. കുടുംബശ്രീ കോഴിയിറച്ചി കേന്ദ്രങ്ങള്‍ പഞ്ചായത്തുകളില്‍ ആരംഭിക്കും. 

നെല്ലുസംഭരണത്തിന് 5257 കോടി, ഏഴു രൂപ കേന്ദ്രവും 14 രൂപ സംസ്ഥാനവും വഹിക്കും. ജൈവകൃഷി പ്രോല്‍സാഹനത്തിന് 10 കോടി. തരിശ് ഭൂമിയിലെ നെല്‍കൃഷിക്ക് 12 കോടി. തരിശ് കൃഷിക്ക് 20 കോടി. നെല്‍കൃഷി സബ്‌സിഡിക്ക് 60 കോടി, പാടശേഖര സമിതികളെ പാടങ്ങള്‍ ഏല്‍പ്പിക്കും. വൃക്ഷത്തൈ വളര്‍ത്താന്‍ 14 കോടി. പച്ചക്കറി കൃഷി പ്രോല്‍സാഹനത്തിന് 87 കോടി. കൃഷി അനുബന്ധ പ്രവര്‍ത്തനത്തിന് 46 കോടി. മണ്ണുജല സംരക്ഷണ വകുപ്പിന് 120 കോടി. ചെറുകിട ജലസേചന വകുപ്പിന് 187 കോടി. കാലാവസ്ഥാ വ്യതിയാന പഠനങ്ങള്‍ക്ക് 4.5 കോടി. വിള പ്രതിരോധത്തിന് 16 കോടി. മണ്ഡല അടിസ്ഥാനത്തില്‍ നീര്‍ത്തട സംരക്ഷണ പദ്ധതി തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍.

പരമ്പരാഗത കയര്‍ മേഖലക്ക് 600 കോടി. കയര്‍ വ്യവസായങ്ങളുടെ പുനഃസംഘടനയ്ക്ക് 1200 കോടി.കയര്‍ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് നികുതി ഇളവ്. കയര്‍ മേഖലയില്‍ ദിവസക്കൂലി 600 രൂപയാക്കി. തേങ്ങയുടെ മൂന്നിലൊന്നും കയറാക്കി മാറ്റും. ഇലക്ട്രോണിക് റാട്ടുകള്‍ സ്ഥാപിക്കും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി സഹകരിച്ച് തോട്ടണ്ടി സംഭരണത്തിന് 50 കോടി. കശുവണ്ടി സ്വകാര്യ സ്ഥാപനങ്ങളിലും സംസ്‌കരിക്കും. 

പൊതു ആരോഗ്യ സംരക്ഷണത്തിന് 1685 കോടി.  എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷാ പദ്ധതി. ലോട്ടറിയില്‍ നിന്നുള്ള വരുമാനം ആരോഗ്യസുരക്ഷയ്ക്ക് വിനിയോഗിക്കും. എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി ഡിപ്പാര്‍ട്ടുമെന്റ്.  എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി ബ്ലോക്ക് . എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍ സെന്ററുകള്‍. മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം, 550 ഡോക്ടര്‍മാരെയും 1750 നഴ്‌സുമാരെയും നിയമിക്കും. മൊബൈല്‍ ആപ്പു വഴി ആംബുലന്‍സ് സൗകര്യം. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ പ്രതിമാസം 2000 രൂപയുടെ വര്‍ധന വരുത്തും. പൊതുവിദ്യാഭ്യാസത്തിന് 970 കോടി. പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ലാബ് സൗകര്യം. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 33 കോടി. 200 പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂള്‍. 4775 സര്‍ക്കാര്‍ സ്‌കൂളുകളിലെ 40,000 ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസുകളാക്കും. 

തദ്ദേശഭരണത്തിന് 7000 കോടി അനുവദിച്ചു. സഹകരണ മേഖലക്ക് 155 കോടി. ശുചിത്വ മിഷന് 85 കോടി. കലാ സാംസ്‌കാരിക മേഖലക്ക് 144 കോടി. എകെജി സ്മാരകത്തിന് 10 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി. വയനാട് പാക്കേജിന് 28 കോടി. കാസര്‍കോട് പാക്കേജിന് 95 കോടി. പ്രവാസി മേഖലക്ക് 80 കോടി. എസ് സി -എസ് ടി വിഭാഗത്തിന് 2859 കോടി. എസ് സി - എസ് ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യം 25 ശതമാനം വര്‍ധിപ്പിക്കും. പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 100 കോടി. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി. സ്ത്രീസുരക്ഷയ്ക്ക് 50 കോടി. എറണാകുളത്ത് 4 കോടി മുതല്‍മുടക്കില്‍ ഷീ ലോഡ്ജ് തുടങ്ങിയവ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങളിലുള്‍പ്പെടുന്നു. 

നോട്ടുനിരോധനം ഓഖി ദുരന്തത്തിന് സമാനമെന്ന് തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ജിഎസ്ടി നേട്ടമാകുമെന്ന പൊതുധാരണ തെറ്റി, ഉദ്ദേശിച്ച പോലുള്ള നേട്ടം കിട്ടിയില്ല. ജിഎസ്ടിയില്‍ നേട്ടമുണ്ടായത് വന്‍കിടക്കാര്‍ക്ക് മാത്രമാണ്. ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതി ഘടനയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. സംസ്ഥാനത്തെ ധനസ്ഥിതി മോശമാണ്. നികുതി വരവ് 86000 കോടിയാണ്. പദ്ധതി ചെലവ് 22 ശതമാനം കൂടി.  പദ്ധതിയേതര ചെലവ് 24 ശതമാനവും വര്‍ധിച്ചു. ഈവര്‍ഷം റവന്യൂ കമ്മി 3.1 ശതമാനമാക്കി നിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

SCROLL FOR NEXT