തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയരുന്നു. നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ച് നിരവധി പേര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റിനെ എത്രയും വേഗം നിയമിക്കണമെന്നാണ് രാഹുല്‍ ഗാന്ധിക്കു ലഭിച്ച പരാതികളിലെ മുഖ്യ ആവശ്യം.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടേ പാളിയെന്നാണ് പരാതികളില്‍ പറയുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നതിനും അതുവഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനും എല്ലാ സാഹചര്യവുമുണ്ടായിട്ടും അതു മുതലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം ബൂത്തിലും മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കുടുംബ വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും പാര്‍ട്ടി പിന്നോട്ടുപോയത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ചില ബൂത്തുകളില്‍ പ്രവര്‍ത്തകര്‍ പോലുമുണ്ടായില്ലെന്ന്, പോളിങ്ങിന് പിറ്റേന്ന് സ്ഥാനാര്‍ഥി വിജയകുമാര്‍ തന്നെ പരാതിപ്പെട്ടിരുന്നു. ഇതിനൊപ്പം മണ്ഡലത്തില്‍ വിതരണം ചെയ്യാന്‍ അച്ചടിച്ച ലഘുലേഖകളും ഫഌക്‌സുകളും വിതരണം ചെയ്യുക പോലും ചെയ്തിട്ടില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. നേതൃത്വം അങ്ങേയറ്റം അലംഭാവത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കെപിസിസി വൃദ്ധസദനമായി മാറിക്കഴിഞ്ഞെന്നും യുവാക്കള്‍ക്ക് അവസരം നല്‍കാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും ഇവര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍
അതിനിടെ നിലവിലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നടക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്ത് എംഎം ഹസനും പൂര്‍ണ പരാജയമാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. കെ സുധാകരന്‍, മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ക്കായാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ മുറവിളി ഉയരുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകള്‍
മുതിര്‍ന്ന നേതാവ് എകെ ആന്റണിക്കെതിരെയും കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ആന്റണിയുടെ ഉപദേശം അനുസരിച്ചാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതും അതു മാറാതെ പാര്‍ട്ടി രക്ഷപെടില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നവര്‍ പറയുന്നു. സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാത്ത ആന്റണി ഇടയ്ക്കിടെ കേരളത്തില്‍ വന്ന് പ്രസ്താവന നടത്തി മടങ്ങുക മാത്രമാണ് ചെയ്യുന്നത്. ഇതു പലപ്പോഴും എതിരാളികള്‍ക്ക് അനുകൂലമായി വരികയാണ് ചെയ്യുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates