തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതത്തിൽ കേരളത്തിന് നീക്കിവച്ചത് നടപ്പു വർഷത്തേക്കാൾ കുറഞ്ഞ നികുതി. ഇതോടെ സംസ്ഥാന ബജറ്റ് തയ്യാറാക്കലും പ്രതിസന്ധിയിലായി. ഈ വർഷം 16,401.05 കോടി രൂപയാണ് കേരളത്തിന്റെ വിഹിതം. 2020- 21ൽ ഈ വിഹിതം 15,236.64 കോടി രൂപയായി കുറയും. 1164.41 കോടി രൂപയുടെ കുറവ്.
കേന്ദ്ര വിഹിതം പ്രതീക്ഷിച്ച് തയ്യാറാക്കിയ കണക്കുകള്‍ വെട്ടിയെഴുതേണ്ട സ്ഥിതിയിലാണ് ധനമന്ത്രി തോമസ് ഐസക്. ചെലവ് വീണ്ടും കുറയ്ക്കുകയും വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യാതെ ധനമന്ത്രിക്ക് വഴിയില്ല. ഏഴാം തീയതിയാണ് സംസ്ഥാന ബജറ്റ്.
നികുതി, ഗ്രാന്റുകള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം തുടങ്ങിയ ഇനങ്ങളിലായി കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടിയിരുന്ന തുകയില്‍ 5000 കോടിയോളം രൂപയുടെ കുറവുണ്ടായെന്നാണ് സംസ്ഥാന ധന വകുപ്പ് അവകാശപ്പെടുന്നത്. ഇതിന് പുറമെ പ്രളയ കാലത്തെടുത്ത വായ്പ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് ഒഴിവാക്കിയില്ല. സംസ്ഥാനത്തിനുള്ള വായ്പാ പരിധിയും ഉയര്‍ത്തിയിട്ടില്ല. ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാനുള്ള ധനകാര്യ കമ്മീഷന്റെ തീരുമാനവും തിരിച്ചടിയാണ്. റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് സഹായം വേണം എന്നതടക്കമുള്ള കേരളത്തിന്റെ ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.
ഇതെല്ലാം സംസ്ഥാന ബജറ്റിലെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വിഭവം വീതം വയ്ക്കുന്നതും പാളി. കേന്ദ്ര സഹായം പ്രതീക്ഷിച്ച് തയ്യാറാക്കിയ പദ്ധതികളും അവതാളത്തിലായി. ബജറ്റ് പ്ലാന്‍ അംഗീകരിച്ച സ്ഥിതിക്ക് കാതലായ മാറ്റങ്ങള്‍ വരുത്താനും ഇനി സാധിക്കില്ല.
ഈ സാഹചര്യത്തില്‍ പദ്ധതികള്‍ക്കുള്ള നീക്കിയിരുപ്പ് കുറയ്ക്കുന്നതും വരുമാനം ഉയര്‍ത്തുന്നതും എത്രമാത്രം സാധ്യമാണെന്ന ആലോചനയിലാണ് ധന വകുപ്പ്. ക്ഷേമ പെന്‍ഷനുകള്‍ ഇത്തവണ ബജറ്റില്‍ വര്‍ധിപ്പിക്കാനിടയില്ല. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിന് വിഭവം സമാഹരിക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം കൂട്ടുന്നതുള്‍പ്പടെ സാധ്യമായ മറ്റു മാര്‍ഗങ്ങളെല്ലാം ഇത്തവണ ധനമന്ത്രി തേടുമെന്ന് ഉറപ്പായി.
കേരളത്തിനു പുറമേ കർണാടകയാണ് നികുതി വിഹിതം കുറയുന്ന മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം. നടപ്പുവർഷം 30,919 കോടി രൂപയുള്ളത് അടുത്ത വർഷം 28,591.23 കോടിയായി കുറയും. അതേസമയം, തമിഴ്‌നാടിന് 6456.94 കോടി രൂപ, ആന്ധ്രാപ്രദേശിന് 3995.29 കോടി രൂപ, തെലങ്കാനയ്ക്ക് 738.99 കോടി രൂപ എന്നിങ്ങനെ അടുത്ത വർഷം അധിക വിഹിതം ലഭിക്കും.
ജനസംഖ്യാ വളർച്ച മാനദണ്ഡമാക്കി നികുതി വിഹിതം നിശ്ചയിക്കണമെന്നാണ് കേന്ദ്ര ധനക്കമ്മീഷന്റെ ശുപാർശ. ഇതിനെതിരേ കേരളം നേരത്തെ രംഗത്തു വരികയും മുഖ്യമന്ത്രി പിണറായി വിജയൻ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സംയുക്തമായി എതിർപ്പു രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ വാദം ശരിവയ്ക്കുന്നതാണ് നികുതി വിഹിതത്തിലെ വ്യത്യാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates