തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള കർമപദ്ധതിയുടെ കരടിന് സർക്കാർ രൂപം നൽകി. ആസൂത്രണവും രൂപകല്പനയും പദ്ധതി നടപ്പാക്കലും ഒരുമിച്ച് നീങ്ങുന്ന രീതിയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ പദ്ധതി മുഖ്യമന്ത്രി അവതരിപ്പിച്ചേക്കും. നിയമസഭയിൽ നടക്കുന്ന ചർച്ചയിലെ നിർദേശങ്ങൾകൂടി കണക്കിലെടുത്താകും അന്തിമ രൂപം നൽകുക. പുനർനിർമാണ പ്രവർത്തനങ്ങളുടെ ചുമതല മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ഏതാനും മന്ത്രിമാരുൾപ്പെടുന്ന ഉന്നതാധികാര സമിതിക്കാകും. കാര്യനിർവഹണത്തിന് ചീഫ് സെക്രട്ടറിയുടെയോ അഡീഷണൽ ചീഫ് സെക്രട്ടറിയുടെയോ നേതൃത്വത്തിലുള്ള സംഘമുണ്ടാകും. സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും പ്രധാന ചുമതലക്കാരൻ. അഞ്ച് വർഷങ്ങൾ ഇതിനായി സമർപ്പിക്കാൻ താത്പര്യവും ശേഷിയുമുള്ള മുതിർന്ന ഉദ്യോഗസ്ഥനെയാണ് ഇതിനായി തേടുന്നത്.
വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന കുട്ടനാടിന്റെയും മലയോരങ്ങളും സമതലങ്ങളും ഉൾപ്പെടുന്ന മറ്റു പ്രദേശങ്ങളുടെയും പ്രത്യേകത ഉൾക്കൊണ്ടായിരിക്കും പുനർനിർമാണം. ഇതിനായി സംസ്ഥാനത്തിന്റെ ഹൈഡ്രോളിക് പ്രൊജക്‌ഷൻ തയ്യാറാക്കും. ഓരോ പ്രദേശത്തും ഉണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്കം കണക്കാക്കി അത് ചെറുക്കാൻതക്ക വിധമായിരിക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. മാലിന്യ പ്രശ്നം, റോഡുകൾക്ക് ഡ്രെയിനേജ് സൗകര്യം, വെള്ളക്കെട്ട് കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ സംസ്ക്കരണം എന്നിവയും വെല്ലുവിളികളാണ്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഇതിനായി ഏറ്റെടുക്കാൻ നിയമനിർമാണവും വേണ്ടിവരുമെന്ന് രൂപരേഖ നിർദേശിക്കുന്നു.
വെള്ളം മൂലമുള്ള പ്രയാസങ്ങൾ ഏറെ അനുഭവിച്ച ഹോളണ്ട്, ഭൂകമ്പത്തിന്റെ കഷ്ടതകൾ അറിഞ്ഞ ജപ്പാൻ തുടങ്ങി പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള രാജ്യങ്ങളിൽ നിന്നുള്ള കൺസൾട്ടൻസികളെ നിയോഗിച്ച് പഠനം നടത്തും. വിദേശ കൺസൾട്ടൻസി കൂടാതെ ഐ.ഐ.ടി. പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ധരുടെ സേവനവും തേടും. ഇത്തരം പഠനങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിനും തനത് മാതൃക ആസൂത്രണം ചെയ്യും.
പുനർനിർമാണത്തിന് മുമ്പ് വിശദമായ മാസ്റ്റർപ്ലാൻ തയ്യാറാക്കും. ഇതനുസരിച്ച് പദ്ധതികൾ പൂർത്തിയാകാൻ നീണ്ട വർഷങ്ങളെടുക്കുമെന്നതിനാൽ മുൻഗണനാ പട്ടിക തയ്യാറാക്കും. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് സമാന്തരമായി അവയ്ക്ക് അംഗീകാരം നൽകി നിർമാണം തുടങ്ങുന്നതിനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കുക. യുദ്ധമുണ്ടായപ്പോൾ അമേരിക്ക പുറത്തിറക്കിയ ‘വാർ ബോണ്ട്’ മാതൃകയിൽ ‘കേരള റീബിൽഡ് ബോണ്ട്’ ഇറക്കണമെന്ന് രൂപരേഖ നിർദേശിക്കുന്നു. ഇതിൽ പൗരന്മാർ നിക്ഷേപിക്കുന്ന പണം സർക്കാർ മടക്കി നൽകും. അമേരിക്കയിൽ അന്ന് ബോണ്ട് വാങ്ങിയതിന്റെ സാക്ഷ്യപത്രം പിൻതലമുറ അഭിമാനമായി കരുതുന്നു. ആ മാതൃകയിലുള്ള സ്വാഭിമാനത്തിലേക്ക് ബോണ്ടിലെ നിക്ഷേപം മാറ്റിയെടുക്കും. ഒരു മാസത്തെ ശമ്പളം നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയോടുള്ള അനുകൂല പ്രതികരണമാണ് ഇതിന് പ്രേരണ.
ധനസമാഹരണത്തിൽ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നുള്ള വായ്പയും ഉൾപ്പെടും. പലിശ കുറവാണ് എന്നതാണ് ഇതിന്റെ അനുകൂല ഘടകം. ധനാഗമ മാർഗങ്ങളായി വരുന്ന നിർദേശങ്ങളിൽ ബാധ്യത കുറവുള്ളത് നോക്കി തീരുമാനമെടുക്കണം. കേരളത്തിന്റെ പുനർനിർമാണം എന്റെയും കൂടി വിയർപ്പാണ് എന്ന ബോധ്യത്തിൽ സന്നദ്ധസേവനം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന് രൂപരേഖ നിർദേശിക്കുന്നു. പ്രളയക്കെടുതി നേരിടാനും ദുരിതാശ്വാസം എത്തിക്കാനും യുവജനങ്ങൾ അടക്കം കൈകോർത്തതാണ് പുനർനിർമാണത്തിലും അവർക്ക് പങ്കുണ്ടാകണമെന്ന ദിശയിലേക്ക് വിരൽചൂണ്ടിയത്. പ്രാദേശികമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തകരായി പൊതുജനങ്ങൾക്കും പങ്കെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates