കൊച്ചി: കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ച ഒബ്‌റോണ്‍മാള്‍ അടച്ചുപൂട്ടി. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചതിനാലാണ് അധികൃതര്‍ അടച്ചുപൂട്ടിയത്.
അഗ്നിബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
കോര്‍പ്പറേഷന്‍ തീരുമാനം അവഗണിച്ച് അധികൃതര്‍ പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കോടതി ഇതേ കുറിച്ച് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മാള്‍ അടപ്പിച്ചതുള്‍പ്പടെയുള്ള മുഴുവന്‍ നടപടികളും കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്ന മാളില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കോര്‍പ്പറേഷന്‍ അധികൃതരും അഗ്നിശമനസേനയും ചേര്‍ന്ന് മാളുകളിലെ സുരക്ഷ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മാളില്‍ പരിശോധന നടത്തും.
ഒബ്‌റോണ്‍ മാളിലെ തീപിടിത്തംത്തെ തുടര്‍ന്ന് , നഗരത്തിലെ മാളുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിരുന്നു. ഒബ്‌റോണ്‍മാള്‍ പരിശോധിച്ചതിനു ശേഷം അധികൃതര്‍ക്ക് സുരക്ഷാ ക്രമീകരണം സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയതായി അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു. മാളിന്റെ മേല്‍ക്കൂരയ്ക്കും ടെറസിനും ഇടയില്‍ 180 സെന്റിമീറ്റര്‍ എങ്കിലും തുറന്ന സ്ഥലം വെന്റിലേഷനു വേണ്ടി നല്‍കുക, കെട്ടിടത്തിനു പുറമേയുള്ള ഗ്‌ളാസ് പാനലുകളില്‍ മൂന്നിലൊന്ന് എങ്കിലും തുറക്കാവുന്ന ഗ്‌ളാസ് ജനലുകളാക്കുക, അഗ്‌നിബാധയുണ്ടായാല്‍ രക്ഷപ്പെടാന്‍ ഉണ്ടാക്കിയിരിക്കുന്ന കോണിപ്പടികള്‍ നേരിട്ട് തറനിരപ്പില്‍ എത്തുന്ന രീതിയില്‍ ക്രമീകരിക്കുക, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്‌നിശമന സംവിധാനം ചിമ്മിണിയില്‍ ഘടിപ്പിക്കുക, ചിമ്മിണി പതിവായി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, മുന്‍വശത്ത് അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മീറ്റര്‍ തുറന്ന സ്ഥലം ഉറപ്പാക്കുക, സ്‌റ്റെയര്‍കേസുകള്‍ക്ക് താഴെയും ഇടനാഴികളിലും എമര്‍ജന്‍സി ലൈറ്റുകള്‍ യുപിഎസ് സംവിധാനത്തോടെ സ്ഥാപിക്കുക, കെട്ടിടത്തിലെ അഗ്‌നിശമന സംവിധാനങ്ങള്‍ ഏതു സമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
രണ്ടാഴ്ച മുമ്പാണ് പകല്‍ 11.15നാണ് നഗരത്തില്‍ ഭീതി പരത്തി ഒബറോണ്‍ മാളിലെ നാലാംനിലയില്‍ തീപിടിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates